
എ ഐ ടി യു സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്ത് നടത്തിയ യുദ്ധവിരുദ്ധ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അഷ്‌റഫ് ഉദ്‌ഘാടനം ചെയ്യുന്നു.
കൊച്ചി : സാമ്രാജ്യത്വ ശക്തികളുടെ പിന്ബലത്തിൽ പശ്ചിമേക്ഷ്യയിൽ നടക്കുന്ന മനുഷ്യക്കുരുതി ആധുനിക സാമൂഹ്യ പുരോഗതിക്ക് വിഘാതം സൃഷ്ടിക്കുമെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അഷ്‌റഫ് അഭിപ്രായപ്പെട്ടു. എ ഐ ടി യു സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ടി ഡി റോഡിലെ സി അച്യുതമേനോൻ ഹാളിന് സമീപത്ത് നിന്നും ആരംഭിച്ച യുദ്ധവിരുദ്ധറാലിക്ക് ശേഷം ബോട്ട് ജെട്ടിയിൽ ചേർന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വ രഹിതമായ യുദ്ധം അവസാനിപ്പിക്കാൻ ലോക ജനത രംഗത്തിറങ്ങണം. സാധാരണ തൊഴിലാളികളെയും നിരാലബരായ മനുഷ്യരേയുമാണ് യുദ്ധത്തിന്റെ കെടുതികൾ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്. ലോകത്തിന്റെ സമ്പത് ഉത്പാദനത്തിൽ നിർണായക പങ്ക് വഹിക്കുന്ന തൊഴിലാളി വർഗം യുദ്ധത്തിനെതിരായ സമാധാന പോരാട്ടത്തിന്റെ പതാകവാഹകരാകുമെന്നും അദ്ദേഹം പറഞ്ഞു. എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ എൻ ഗോപി അധ്യക്ഷത വഹിച്ചു. നേതാക്കളായ എലിസബത്ത് അസീസി, ടി സി സൻജിത്ത് , ടി രഘുവരൻ, കെ കെ സന്തോഷ് ബാബു, രാജേഷ് കാവുങ്കൽ, എം ടി നിക്‌സൺ, കെ ആർ റെനീഷ്, എം പി രാധാകൃഷ്ണൻ, എ വി ഉണ്ണികൃഷ്ണൻ, വി ഒ ജോണി, സി വി ശശി, വി എസ് സുനിൽകുമാർ, ബാബു കടമക്കുടി , ഷാജി ഇടപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു. കെ ബി അറുമുഖൻ, പി എസ് സെൻ, കെ കെ സത്താർ, ടി എ അഷ്‌റഫ്, കെ പി ഷാജഹാൻ , എം എസ് രാജു, എം വി സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.











