09:03pm 26 November 2026
NEWS
നാല് തൊഴിൽ കോഡുകൾ പുനഃപരിശോധിക്കാൻ ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിക്കണമെന്ന് എഐടിയുസി
26/11/2026  05:36 PM IST
വിഷ്ണുമംഗലം കുമാർ
നാല് തൊഴിൽ കോഡുകൾ പുനഃപരിശോധിക്കാൻ ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിക്കണമെന്ന് എഐടിയുസി

ബെംഗളൂരു: കേന്ദ്രസർക്കാർ നടപ്പാക്കിയ നാല് തൊഴിൽ കോഡുകൾ പുനഃപരിശോധിക്കണമെന്നും തൊഴിൽ അവകാശം ഭരണഘടനാപരമായ അവകാശമായി അംഗീകരിക്കണമെന്നും അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (എഐടിയുസി) ആവശ്യപ്പെട്ടു. ഇതിനായി തൊഴിലാളി സംഘടനകളെയും തൊഴിൽദാതാക്കളെയും സർക്കാരിനെയും ഉൾപ്പെടുത്തി ത്രികക്ഷി ചർച്ചകൾ നടത്താൻ ഇന്ത്യൻ ലേബർ കോൺഫറൻസ് (ഐഎൽസി) വിളിച്ചുചേർക്കണമെന്നും എഐടിയുസിയുടെ 43-ാമത് ദേശീയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ബെംഗളൂരുവിൽ നടന്നുവരുന്ന ദേശീയ സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച പ്രമേയങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചത്. രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും തൊഴിലാളികൾക്ക് മാന്യമായ ഉപജീവനമാർഗം ഉറപ്പാക്കുന്നതിനും കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ട്രേഡ് യൂണിയനുകളോട് സ്വീകരിക്കുന്ന സമീപനത്തെയും പ്രതിനിധികൾ വിമർശിച്ചു. പ്രത്യേകിച്ച്, എഐടിയുസിയെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിൽനിന്ന് ഒഴിവാക്കിയ നടപടി രാഷ്ട്രീയ വിവേചനമാണെന്ന് സമ്മേളനം ആരോപിച്ചു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎൻആർഇജിഎ) വിഹിതം വെട്ടിക്കുറയ്ക്കുന്നതും നിർദിഷ്ട വിബി-ജി റാം ജി ചട്ടക്കൂടും ഗ്രാമീണ മേഖലയിലെ തൊഴിൽ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും സമ്മേളനത്തിൽ അഭിപ്രായമുയർന്നു.പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരായ പോലീസ് നടപടികളെയും ജനാധിപത്യ അവകാശങ്ങൾക്കുനേരെയുള്ള കടന്നുകയറ്റങ്ങളെയും വിദ്യാർഥി-യുവജന സംഘടനകൾ അപലപിച്ചു. തൊഴിലാളികളുടെയും വിദ്യാർഥികളുടെയും ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ചൂണ്ടിക്കാട്ടി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img