
തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ബാല. 'സേതു' എന്ന ചിത്രത്തിലൂടെ 'ചിയാൻ' വിക്രമിനും, 'നന്ദ' എന്ന ചിത്രത്തിലൂടെ സൂര്യയ്ക്കും, 'നാൻ കടവുൾ' എന്ന ചിത്രത്തിലൂടെ ആര്യയ്ക്കും ഒരു വഴിത്തിരിവ് ഉണ്ടാക്കികൊടുത്ത സംവിധായകനാണ് ബാല. കഴിഞ്ഞ വർഷം പൊങ്കലിന് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ 'വണങ്ങാൻ' എന്ന ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ല. ഇതിനെ തുടർന്ന് ബാലയുടെ അടുത്ത ചിത്രത്തെക്കുറിച്ച് ഒരു വിവരങ്ങളും പുറത്തുവന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ബാല അടുത്ത് തന്നെ ഒരു ചിത്രം നിമ്മിക്കാൻ പോകുന്നു എന്നുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്ന ചുമതല ഐശ്വര്യ രജനികാന്തിനെയാണ് ബാല ഏൽപ്പിച്ചിരിക്കുന്നത് എന്നുള്ള റിപ്പോർട്ടുമുണ്ട്. കഴിഞ്ഞ രണ്ട് മാസങ്ങളായി ബാല തിരുവണ്ണാമലയിൽ ഈ ചിത്രത്തിനായുള്ള കൂടിയാലോചനകൾ നടത്തിവരികയായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഐശ്വര്യ രജിനികാന്ത് അവസാനമായി സംവിധാനം ചെയ്ത ചിത്രം 'ലാൽ സലാം' ആണ്. 2024-ൽ റിലീസായ ഈ ചിത്രത്തിൽ രജനികാന്ത് ഒരു പ്രത്യേക വേഷം അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ സിനിമ വിമർശനാത്മകമായോ വാണിജ്യപരമായോ സ്വീകാര്യത നേടിയില്ല. ബാലയും, ഐശ്വര്യ രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അതുപോലെ ബാല അടുത്ത് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ അറിയിപ്പും ഉടനെ ഉണ്ടാകുമത്രേ!










