10:41am 09 September 2026
NEWS
ദുൽഖറിനൊപ്പം വീണ്ടും അഭിനയിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് നടി ഐശ്വര്യ
07/09/2026  09:41 PM IST
nila
ദുൽഖറിനൊപ്പം വീണ്ടും അഭിനയിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് നടി ഐശ്വര്യ

‘കിങ് ഓഫ് കൊത്ത’ സിനിമയ്ക്ക് പിന്നാലെയുണ്ടായ കടുത്ത വിമർശനങ്ങളും സൈബർ ആക്രമണങ്ങളും തന്റെ കരിയറിനെയും ബാധിച്ചിട്ടുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. സിനിമയിലെ പ്രകടനവുമായി ബന്ധപ്പെട്ട ട്രോളുകൾക്ക് പിന്നാലെ മലയാള സിനിമയിൽ തന്നെ പിന്നീട് തന്നെ കാസ്റ്റ് ചെയ്യുന്നതിൽ ചിലർക്ക് ആശങ്കയുണ്ടായതായി തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ തുറന്നുപറച്ചിൽ.

2023ൽ ഏറെ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ ദുൽഖർ സൽമാൻ ചിത്രം ‘കിങ് ഓഫ് കൊത്ത’യുടെ പ്രതികരണം തനിക്ക് വ്യക്തിപരമായി വലിയ തിരിച്ചടിയായിരുന്നുവെന്ന് ഐശ്വര്യ പറഞ്ഞു. ചിത്രത്തിലെ തന്റെ പ്രകടനവും പ്രത്യേകിച്ച് ഡയലോഗ് ഡെലിവറിയും വ്യാപകമായി ട്രോൾ ചെയ്യപ്പെട്ടിരുന്നു.

എന്നാൽ എല്ലാ വിമർശനങ്ങളെയും ഒരേ രീതിയിൽ കാണുന്നില്ലെന്നും ഐശ്വര്യ വ്യക്തമാക്കി. ചില വിമർശനങ്ങൾ ശരിയാണെന്ന് തനിക്ക് തോന്നിയിരുന്നു. അത്തരം അഭിപ്രായങ്ങൾ തന്റെ അഭിനയത്തിലെ പോരായ്മകൾ തിരിച്ചറിയാനും അവ പരിഹരിക്കാനും സഹായിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

വൈകാരിക രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആത്മവിശ്വാസക്കുറവുണ്ടെന്ന വിമർശനം നേരത്തെയും തനിക്കെതിരെ ഉയർന്നിട്ടുണ്ടെന്ന് ഐശ്വര്യ പറഞ്ഞു. പിന്നീട് അത്തരം രംഗങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയതോടെ ഇപ്പോൾ ആത്മവിശ്വാസത്തോടെ അവ കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

സൃഷ്ടിപരമായ വിമർശനങ്ങളെ സ്വീകരിക്കാൻ തയ്യാറാണെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങളും ട്രോളുകളും വേദനിപ്പിക്കാറുണ്ടെന്നും ഐശ്വര്യ പറഞ്ഞു. ‘കിങ് ഓഫ് കൊത്ത’യിലെ കഥാപാത്രമായ രാജുവിനൊപ്പം ‘ഏട്ടാ’ എന്ന് ചേർത്തുള്ള സംഭാഷണവും വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടതായി താരം ഓർത്തെടുത്തു. സിനിമയുടെ കാലഘട്ടവും കഥാപാത്രത്തിന്റെ സ്വഭാവവും പരിഗണിച്ചാണ് ആ സംഭാഷണം ഉപയോഗിച്ചതെങ്കിലും പ്രേക്ഷകർ അത് സ്വീകരിച്ചില്ലെന്നും താരം പറഞ്ഞു.

‘കിങ് ഓഫ് കൊത്ത’യ്ക്ക് ശേഷം ദുൽഖർ സൽമാനൊപ്പം ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്നും ഐശ്വര്യ വെളിപ്പെടുത്തി. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന പ്രതികരണങ്ങൾ ബ്രാൻഡിനെയും ബാധിച്ചേക്കുമെന്ന ആശങ്കയിൽ ആ അവസരത്തിൽനിന്ന് പിന്മാറാൻ താനാണ് നിർദേശിച്ചതെന്ന് താരം പറഞ്ഞു.

ദുൽഖറിനൊപ്പം വീണ്ടും സിനിമയിൽ അഭിനയിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ പോലും തനിക്ക് ഇപ്പോൾ ഉറപ്പില്ലെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img