08:51am 29 April 2026
NEWS
യുദ്ധവിമാനങ്ങളുടെ വെടിക്കെട്ട് പ്രകടനത്തോടെ
എയർഷോയ്ക്ക് സമാപനം

14/02/2025  05:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
യുദ്ധവിമാനങ്ങളുടെ വെടിക്കെട്ട് പ്രകടനത്തോടെ എയർഷോയ്ക്ക് സമാപനം

 

ബെംഗളൂരു: പ്രണയദിനത്തിൻ്റെ ആർദ്രതയിൽ പൂന്തോട്ട നഗരിയിൽ പോർവിമാനങ്ങളുടെ വെടിക്കെട്ട് പ്രകടനം.എയ്റോ ഇന്ത്യ 2025 ൻ്റെ സമാപന ദിവസമായ ഇന്ന് നടന്ന ഫ്ലൈയിംഗ് ഡിസ്പ്ലേയിൽ 60 വർഷം പഴക്കമുള്ള യു എസ് എയർ ഫോഴ്സിൻ്റെ കെസി -135 സ്ട്രാറ്റോ ടാങ്കറിൻ്റെ പ്രദർശന പറക്കൽ ശ്രദ്ധേയമായി. യുഎസ് പോർ വിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം പകരാൻ ഉപയോഗിക്കുന്ന എയർക്രാഫ്റ്റാണ് സ്ട്രാറ്റോ ടാങ്കർ. ഏത് കലുഷിതമായ അന്തരീക്ഷലും വിദൂരമായ യുദ്ധമുന്നണിയിലും യു എസ് വ്യോമസേനയ്ക്ക് 100 % ആശ്രയിക്കാവുന്ന യുദ്ധവിമാനമാണിത്. അതിനാലാണ് 1957 ൽ യു എസ് സേനയുടെ ഭാഗമായ കെ സി - 135 ഇന്നും സർവീസിൽ തുടരുന്നത്.
ഇന്ധനം നിറയ്ക്കാൻ മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളിൽ പരുക്കേറ്റ സൈനികരെ ആശുപത്രികളിലേക്ക് കൊണ്ടുപോകാനും സ്ട്രാറ്റോടാങ്കർ ഉപയോഗിക്കാം.യു എസ് വ്യോമ സേനയ്ക്ക് പുറമെ അമേരിക്കൻ നാവികസേനയും അവയുടെ യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കാൻ കെ സി - 135 നെ ആശ്രയിക്കുന്നു.റഷ്യയുടെ സ്റ്റീൽത്ത് വിവിധോദ്ദേശ്യ പോർവിമാനമായ സുഖോയ് (എസ് യു - 57) ഉച്ചകഴിഞ്ഞുള്ള ഡിസ്പ്ലേയിൽ പങ്കെടുത്തു. ഈ യുദ്ധവിമാനം ഇന്ത്യയ്ക്ക് നൽകാൻ റഷ്യ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ റഷ്യയിൽ നിന്ന് സുഖോയ് വാങ്ങുന്ന കാര്യത്തിൽ ഇന്ത്യ അന്തിമ തീരുമാനമെടുത്തിട്ടില്ല. എയ്റോ ഇന്ത്യ പ്രദർശനത്തിൽ എസ് യു - 57 പങ്കെടുക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അമേരിക്കയുടെ എഫ് - 35, എഫ് 16 വിമാനങ്ങൾ ഈ വർഷത്തെ എയർഷോയിൽ നിന്ന് പിൻവാങ്ങിയതെന്ന് മിലിറ്ററി വാച്ച് മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ എഫ് - 35 ഇന്നത്തെ എയർ ഡിസ്പ്ലേയിൽ പങ്കെടുത്തു. അഞ്ച് ദിവസമായി യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ നടന്നുവന്ന എയർഷോയുടെ സമാപന ദിവസമായ ഇന്ന് വൻ തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ രണ്ട് ദിവസം പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. അടുത്ത എയ്റോ ഇന്ത്യ 20 27 ൽ ബെംഗളൂരുവിൽ നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img