
അൾജിയേഴ്സ്: ഖത്തറിലെ പ്രമുഖ ഡയറി ഉൽപ്പന്ന നിർമ്മാതാക്കളായ 'ബലദ്‌ന' അൾജീരിയയിൽ നടപ്പിലാക്കുന്ന സംയോജിത ഡയറി ഫാം പദ്ധതിയുടെ (Baladna Algeria) രണ്ടാം ഘട്ട കരാറുകൾ ഔദ്യോഗികമായി ഒപ്പിട്ടു. 63.5 കോടി ഡോളർ (ഏകദേശം 635 മില്യൺ ഡോളർ) മൂല്യമുള്ള കരാറുകളാണ് ഈ ഘട്ടത്തിൽ ഒപ്പിട്ടത്. പദ്ധതിയുടെ ഭാഗമായി അമേരിക്കയിൽ നിന്ന് വിമാനമാർഗ്ഗം പശുക്കളെ എത്തിക്കുന്നതിനുള്ള വൻകിട എയർലിഫ്റ്റ് പ്രോഗ്രാമിനും തുടക്കമായി.അൾജീരിയൻ കൃഷി മന്ത്രി യാസിൻ അൽ മഹ്ദി വാലിദ്, ഖത്തർ അംബാസഡർ അബ്ദുൽ അസീസ് അലി അൽ നാമ, ബലദ്‌ന ഗ്രൂപ്പ് സി.ഇ.ഒ മാരെക് വാർസിവോഡ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് കരാറുകൾ ഒപ്പിട്ടത്. ഹൺലൈൻഡ് (HUNLAND), സ്കാർഫ് ബ്രദേഴ്സ് (SCARFF BROS), വാൽമോണ്ട് (VALMONT) തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളും നിരവധി അൾജീരിയൻ നിർമ്മാണ കമ്പനികളും ഈ വൻകിട പദ്ധതിയിൽ പങ്കാളികളാകുന്നുണ്ട്.
അൾജീരിയയിൽ പാൽപ്പൊടി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആഗോള സഹകരണം നടപ്പിലാക്കുന്നത്.










