
ദോഹ: രാജ്യത്തെ വായുനിലവാരം സുരക്ഷിതമായ പരിധിക്കുള്ളിലാണെന്ന് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) അറിയിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ വഴി നടത്തിയ നിരന്തര പരിശോധനകളുടെ അടിസ്ഥാനത്തിലാണ് വായുനിലവാരം തൃപ്തികരമാണെന്ന് വ്യക്തമാക്കിയത്.
രാജ്യവ്യാപകമായി സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങൾ 24 മണിക്കൂറും വായുവിൻ്റെ ഗുണനിലവാരം നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രാലയം എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. നിലവിൽ വായുവിൽ കാണപ്പെടുന്ന സൂക്ഷ്മമായ പൊടിപടലങ്ങൾ ഉത്തരാദി ദിക്കിൽ നിന്നുള്ള വരണ്ട കാറ്റ് മൂലം ഉണ്ടാകുന്നതാണെന്നും ഇത് സീസണൽ മാറ്റങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന താത്കാലിക പ്രതിഭാസം മാത്രമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.വായുവിലെ പൊടിപടലങ്ങളുടെ അളവ് കൂടുന്ന സമയങ്ങളിൽശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും കുട്ടികളും പ്രായമായവരും പരമാവധി വീടിനുള്ളിൽ തന്നെ കഴിയുക,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക,
വീടിൻ്റെയും വാഹനങ്ങളുടെയും ജനലുകൾ അടച്ചിടുക,
പുറംവേദികളിലെ കായിക വിനോദങ്ങളും കഠിനമായ ജോലികളും പരിമിതപ്പെടുത്തുകതുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം പറഞ്ഞു.
ആരോഗ്യത്തിന് വലിയ ഭീഷണിയുള്ള സാഹചര്യമല്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.











