01:25pm 11 May 2026
NEWS
അച്ചടക്കലംഘനത്തിന് എയർ ഇന്ത്യയുടെ 'സർജിക്കൽ സ്ട്രൈക്ക്'; മൂന്ന് വർഷത്തിനിടെ പുറത്തായത് ആയിരം ജീവനക്കാർ
11/05/2026  10:03 AM IST
സുരേഷ് വണ്ടന്നൂർ
അച്ചടക്കലംഘനത്തിന് എയർ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്; മൂന്ന് വർഷത്തിനിടെ പുറത്തായത് ആയിരം ജീവനക്കാർ

തിരുവനന്തപുരം:​ടാറ്റ ഗ്രൂപ്പിന്റെ കീഴിൽ പുതിയ മുഖച്ഛായ തേടുന്ന എയർ ഇന്ത്യ, അച്ചടക്ക കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലേക്ക്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അച്ചടക്കലംഘനവും ധാർമ്മികതയില്ലാത്ത പെരുമാറ്റവും കാട്ടിയ ആയിരത്തോളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതായി സി.ഇ.ഒ കാംബെൽ വിൽസൺ വെളിപ്പെടുത്തി. വിമാനങ്ങളിൽ നിന്നുള്ള സാധനങ്ങൾ കടത്തുക, ക്രമവിരുദ്ധമായി അമിത ലഗേജ് കയറ്റാൻ സഹായിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ കണ്ടെത്തിയത്.
​സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കമ്പനിയെ ലാഭത്തിലാക്കാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ജീവനക്കാരുമായി സംസാരിക്കവേയാണ് സി.ഇ.ഒ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. വെറും മോഷണം മാത്രമല്ല, ജീവനക്കാർക്ക് നൽകുന്ന യാത്രാ ആനുകൂല്യങ്ങൾ (ELT) ഏകദേശം 4,000 പേർ ദുരുപയോഗം ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റുള്ളവർ അശ്രദ്ധ കാട്ടിയാലും സ്വന്തം ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള തെറ്റായ പ്രവണതകൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന കർശനമായ സന്ദേശമാണ് കമ്പനി നൽകുന്നത്.
​നിലവിൽ 24,000-ത്തോളം ജീവനക്കാരുള്ള എയർ ഇന്ത്യ വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 2026 മാർച്ചിലെ കണക്കനുസരിച്ച് എയർ ഇന്ത്യയ്ക്കും എയർ ഇന്ത്യ എക്സ്പ്രസിനും കൂടി ഏകദേശം 22,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതിന് പുറമെ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങൾ കമ്പനിയുടെ പ്രവർത്തനങ്ങളെ കൂടുതൽ ബാധിക്കുന്നുമുണ്ട്.
​ഈ വെല്ലുവിളികൾ മറികടക്കാൻ ജീവനക്കാരുടെ വാർഷിക ഇൻക്രിമെന്റുകൾ തടഞ്ഞുവെക്കുന്നതടക്കമുള്ള കടുത്ത ചെലവ് ചുരുക്കൽ നടപടികളിലേക്ക് കമ്പനി കടന്നിരിക്കുകയാണ്. അഴിമതിയും അച്ചടക്കമില്ലായ്മയും വച്ചുപൊറുപ്പിക്കില്ലെന്നുംസേവന മികവിലൂടെ മാത്രമേ എയർ ഇന്ത്യയ്ക്ക് മുന്നോട്ട് പോകാനാവൂ എന്നും മാനേജ്‌മെന്റ് വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img