10:54pm 28 May 2026
NEWS
ഇന്ധനവില കുതിക്കുന്നു; ആഭ്യന്തര സർവീസുകൾ വെട്ടികുറയ്ക്കാനൊരുങ്ങി എയർ ഇന്ത്യയും ഇൻഡിഗോയും
28/05/2026  12:00 PM IST
NILA
ഇന്ധനവില കുതിക്കുന്നു; ആഭ്യന്തര സർവീസുകൾ വെട്ടികുറയ്ക്കാനൊരുങ്ങി എയർ ഇന്ത്യയും ഇൻഡിഗോയും

ന്യൂഡൽഹി: വിമാന ഇന്ധനവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ എയർ ഇന്ത്യയും ഇൻഡിഗോയും ആഭ്യന്തര സർവീസുകളുടെ എണ്ണം താൽക്കാലികമായി കുറയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത രണ്ട് മുതൽ മൂന്ന് മാസം വരെയുള്ള കാലയളവിൽ എയർ ഇന്ത്യ ഏകദേശം 22 ശതമാനം സർവീസുകളും ഇൻഡിഗോ 7 മുതൽ 10 ശതമാനം വരെ സർവീസുകളും വെട്ടിക്കുറയ്ക്കുമെന്നാണ് അനൗദ്യോഗിക വിവരം. എന്നാൽ റദ്ദാക്കുന്ന സർവീസുകളുടെ കൃത്യമായ എണ്ണം ഇരു കമ്പനികളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സർവീസുകൾ കുറയുന്നതോടെ യാത്രക്കാരുടെ ബുദ്ധിമുട്ട് വർധിക്കാനും വിമാനടിക്കറ്റ് നിരക്കുകൾ ഉയരാനും സാധ്യതയുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് നേരത്തെ തന്നെ ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ എയർ ഇന്ത്യ പ്രതിവാരം 140-ലധികം രാജ്യാന്തര സർവീസുകൾ റദ്ദാക്കിയിരുന്നു. കൂടാതെ ഏഴ് രാജ്യാന്തര റൂട്ടുകളിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. മറ്റ് റൂട്ടുകളിലും സർവീസുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാണ് പദ്ധതി. ഇതോടെ എയർ ഇന്ത്യയുടെ രാജ്യാന്തര സർവീസുകളിൽ ഏകദേശം 27 ശതമാനം വരെ കുറവ് വരുമെന്നാണ് കണക്കുകൂട്ടൽ.

വിമാന ഇന്ധനവില വർധനയും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള വ്യോമഗതാഗത നിയന്ത്രണങ്ങളും കമ്പനികൾക്ക് വലിയ സാമ്പത്തിക സമ്മർദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ എയർ ഇന്ത്യ പ്രതിവാരം 4,400 സർവീസുകളാണ് നടത്തുന്നത്. ഇതിൽ 3,600 എണ്ണം ആഭ്യന്തര സർവീസുകളും 800 എണ്ണം രാജ്യാന്തര സർവീസുകളുമാണ്. പുതിയ ക്രമീകരണപ്രകാരം പ്രതിവാരം ഏകദേശം 790 ആഭ്യന്തര സർവീസുകൾ കുറയുമെന്നാണ് സൂചന.

റദ്ദാക്കപ്പെടുന്ന ഫ്ലൈറ്റുകളിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ബദൽ സർവീസുകളിൽ യാത്രാസൗകര്യം ഒരുക്കുകയോ ടിക്കറ്റ് തുക പൂർണമായി മടക്കി നൽകുകയോ ചെയ്യുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img