10:06am 30 April 2026
NEWS
അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നിൽ പൈലറ്റെന്ന് വ്യോമയാന വിദഗ്ധൻ ക്യാപ്റ്റൻ മോഹൻ രംഗനാഥൻ
12/07/2025  07:27 PM IST
nila
അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നിൽ പൈലറ്റെന്ന് വ്യോമയാന വിദഗ്ധൻ ക്യാപ്റ്റൻ മോഹൻ രംഗനാഥൻ

അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് അതീവ ഗുരുതരമായ ആരോപണവുമായി വ്യോമയാന വിദഗ്ധൻ ക്യാപ്റ്റൻ മോഹൻ രംഗനാഥൻ. വിമാനം പൈലറ്റ് മനപൂർവം അപകടത്തിൽപെടുത്തിയതാകാം എന്നാണ് ക്യാപ്റ്റൻ മോഹൻ രംഗനാഥൻ ആരോപിക്കുന്നത്. എൻഡിടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ജൂൺ പന്ത്രണ്ടാം തീയതി എയർ ഇന്ത്യ 171 വിമാനം അപകടത്തിൽപെട്ടത്  മനപ്പൂർവമായ മനുഷ്യ പ്രവർത്തനത്തിന്റെ ഫലമായിരിക്കാമെന്ന് അദ്ദേഹം പറഞ്ഞത്. 

ഫ്യൂവൽ എഞ്ചിൻ സ്വിച്ചുകൾ ഓഫായതിനെ തുടർന്നാണ് വിമാനം തകർന്നുവീണതെന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ക്യാപ്റ്റൻ മോഹൻ രംഗനാഥൻ പൈലറ്റുമാർക്കെതിരെ ​ഗുരുതര ആരോപണം ഉയർത്തിയത്. കോക്ക്പിറ്റിൽ മനപ്പൂർവം നടത്തിയ പ്രവർത്തനങ്ങളിൽ നിന്നാണ് അപകടം ഉണ്ടായതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ആത്മഹത്യ പോലും ഇക്കാര്യത്തിൽ സംശയിക്കാമെന്നും മോഹൻ രംഗനാഥൻ പറഞ്ഞു. പൈലറ്റുമാരിൽ ഒരാൾ മനപ്പൂർവം ഇന്ധന സ്വിച്ച് ഓഫ് ചെയ്തതായിരിക്കുമോ എന്ന ചോദ്യത്തിന് അതിനാണ് സാധ്യതയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

'അത് സ്വമേധയാ ചെയ്തതായിരിക്കണം. ഇന്ധന സെലക്ടറുകൾ സ്ലൈഡിങ് തരത്തിലുള്ളതല്ലാത്തതിനാൽ ഓട്ടോമാറ്റിക്കായോ അല്ലെങ്കിൽ വൈദ്യുതി തകരാർമൂലമോ എഞ്ചിനിലേക്കുള്ള ഇന്ധനത്തിന്റെ ഒഴുക്ക് നിലയ്ക്കില്ല. ഒരു പ്രത്യേക സ്ലോട്ടിൽ തുടരുന്ന തരത്തിലാണ് ഇന്ധന സ്വിച്ചുകളുടെ രൂപകൽപ്പന. സ്വിച്ച് വലിച്ചുയർത്തി വേണം അവ മുകളിലേക്കോ താഴേക്കോ നീക്കാൻ. അതിനാൽ തന്നെ അബദ്ധവശാൽ അവയെ ഓഫ് പൊസിഷനിലേക്ക് മാറ്റാനുള്ള സാധ്യതയില്ല. മാനുവലായി മനപ്പൂർവം ഓഫാക്കിയതാണിത്.' - മോഹൻ രംഗനാഥൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img