05:19am 29 October 2026
NEWS
പ്രവാസികളുടെ അവധിക്കാലയാത്രകളെ ആശങ്കയിലാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
23/06/2025  03:12 PM IST
nila
പ്രവാസികളുടെ അവധിക്കാലയാത്രകളെ ആശങ്കയിലാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

ദോഹ: പ്രവാസികളെ പ്രതിസന്ധിയിലാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. തുടരെ തുടരെ സര്‍വീസുകള്‍ റദ്ദാക്കിയതോടെ വലയുകയാണ് യാത്രക്കാര്‍. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികളുടെ അവധിക്കാല യാത്രകള്‍ ഇതോടെ അനിശ്ചിതത്വത്തിലായി. യുഎഇയിൽനിന്ന് ആഴ്ചയിൽ 108 വിമാനങ്ങൾ സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസിന്‍റെ 87 വിമാനങ്ങൾ റദ്ദാക്കി. ഈ മാസം 30 വരെ കേരളത്തിലേക്കു മാത്രം 40 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്നലെ ഷാർജയിൽനിന്ന് കണ്ണൂർ, കൊച്ചി, തിരിച്ചിറപ്പള്ളി സെക്ടറുകളിലേക്കും തിരിച്ചുമുള്ള സർവീസുകളും റദ്ദാക്കിയിരുന്നു. മലബാറിൽ നിന്നുള്ളവർ ആശ്രയിക്കുന്ന ദുബായ് – മംഗളൂരു പ്രതിദിന സർവീസ് 27 വരെ പൂർണമായും നിർത്തി. ദുബായ് – മംഗലാപുരം – ദുബായ് സെക്ടറിൽ 28 മുതൽ 30 വരെ തിങ്കൾ, ശനി, ഞായർ ദിവസങ്ങളിൽ മാത്രമാകും സർവീസ് നടത്തുക. അഹമ്മദാബാദ് വിമാന ദുരന്തത്തിനുശേഷം വിമാനങ്ങൾ കർശന അറ്റകുറ്റപ്പണിക്ക് വിധേയമാക്കുന്നതിനാലാണ് സേവനം തടസപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ഇതേ ദിവസം എയർ ഇന്ത്യ എക്സ്പ്രസിന്റെ മറ്റു സെക്ടറുകളിലേക്കുള്ള വിമാനങ്ങളിൽ സീറ്റ് ലഭ്യതയനുസരിച്ച് യാത്ര ചെയ്യാൻ അവസരമൊരുക്കും. ആവശ്യക്കാർക്ക് ടിക്കറ്റ് തുക പൂർണമായും തിരിച്ചുനൽകുകയും ചെയ്യും. അല്ലാത്തവർക്ക് മറ്റൊരു ദിവസത്തേക്കു യാത്ര ചെയ്യാൻ അധിക തുക ഈടാക്കാതെ റീബുക്കിങ് ചെയ്യാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img