02:00am 05 June 2026
NEWS
ബഹ്റൈനിൽ ഇറാന്റെ വ്യോമാക്രമണം; 122 യാത്രക്കാരുമായി പുറപ്പെടാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി
03/06/2026  03:44 PM IST
nila
ബഹ്റൈനിൽ ഇറാന്റെ വ്യോമാക്രമണം; 122 യാത്രക്കാരുമായി പുറപ്പെടാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

കൊച്ചി: ബഹ്റൈനിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബഹ്റൈനിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. 122 യാത്രക്കാരുമായി സർവീസ് നടത്താനിരുന്ന വിമാനമാണ് റദ്ദാക്കിയത്. വിമാനത്തിലെ യാത്രക്കാരെ അധികൃതർ തിരിച്ചിറക്കി. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് നടപടി. 

ബഹ്റൈനിലെ ജനവാസ മേഖലകളെയും പ്രധാന സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതിനെ തുടർന്നാണ് വിമാനത്താവളം താൽക്കാലികമായി അടച്ചത്. ബുധനാഴ്ച പുലർച്ചെ 2.30ഓടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങിയതിന് പിന്നാലെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ബഹ്റൈൻ പ്രതിരോധ സേനയുടെ അറിയിപ്പുപ്രകാരം, രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളെയും യുഎസ് സൈനിക താവളത്തെയും ലക്ഷ്യമിട്ട് എത്തിയ മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ബഹ്റൈൻ പ്രതിരോധ സേന ആരോപിച്ചു.

അതേസമയം, കുവൈത്തിലും സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. പുലർച്ചെയുണ്ടായ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവും മറ്റ് സുപ്രധാന സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമാക്കപ്പെട്ടു. വിമാനത്താവളത്തിലെ ടി1 ടെർമിനലിന് കേടുപാടുകൾ സംഭവിച്ചുവെന്നും ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img