
തിരുവനന്തപുരം: വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ യുവാവ് അറസ്റ്റിൽ. വഞ്ചിയൂർ വെടിവെയ്പ്പ് കേസിലെ പ്രതിയായ യുവതിയുടെ പരാതിയിലാണ് തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുജിത് ഭാസ്കരൻ അറസ്റ്റിലായത്. കൊല്ലം കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സുജിത്ത് തന്നെ ബലംപ്രയോഗിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണു വനിതാ ഡോക്ടറുടെ പരാതി. ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്താണു വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതി വെളിപ്പെടുത്തിയത്. തുടർന്ന് സുജിത്ത് മാലദ്വീപിലേക്ക് പോയെന്നും വനിതാ ഡോക്ടർ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞവർഷം ജൂലൈ 28 ന് സുജിത്തിന്റെ ഭാര്യ ഷിനിയെ വനിതാ ഡോക്ടർ വെടിവെച്ച് പരിക്കേൽപ്പിച്ചിരുന്നു. വെടിവെയ്പ്പ് കേസിൽ പിടിയിലായപ്പോഴാണ് സുജിത്തിനെതിരെ വനിതാ ഡോക്ടർ പീഡന പരാതി നൽകിയത്. കൊറിയർ നൽകാനെന്ന വ്യാജേനയാണ് വനിതാ ഡോക്ടർ സുജിത്തിന്റെ ഭാര്യയെ വീട്ടിലെത്തി എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചത്.
തന്നെ പീഡിപ്പിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയത് എന്നായിരുന്നു വനിതാ ഡോക്ടർ മൊഴി നൽകിയിരുന്നത്. പരാതിയെ തുടർന്ന് സുജിത്തിനെതിരെ വഞ്ചിയൂർ പോലീസ് 2024 ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് നടന്നത്.











