
ജാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നു വീണ് ഏഴുപേർ മരിച്ചു. റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു.
41-കാരനായ സഞ്ജയ് കുമാർ എന്നയാളെ ഗുരുതരമായ പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ഡോക്ടർ വികാസ് കുമാർ ഗുപ്ത, പാരാമെഡിക് സച്ചിൻ കുമാർ മിശ്ര, സഹായികളായ അർച്ചന ദേവി, ധുരു കുമാർ എന്നിവരും വിമാനത്തിലുണ്ടായിരുന്നു. എയർ ആംബുലൻസ് നിയന്ത്രിച്ചിരുന്ന പൈലറ്റുമാരായ വിവേക് വികാസ് ഭഗത്, സവരാജ്ദീപ് സിംഗ് എന്നിവരും അപകടത്തിൽ മരിച്ചു.
ചത്ര ജില്ലയിലെ സിമരിയയ്ക്ക് സമീപമുള്ള കസാരിയ പഞ്ചായത്തിൽ വെച്ചാണ് വിമാനം തകർന്നു വീണതെന്ന് ഡെപ്യൂട്ടി കമ്മീഷണർ കീർത്തിശ്രീ ജി അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.











