
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതൽ ജാഗ്രതയോടെ നീങ്ങാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വയനാട്ടിൽ ജനുവരി 4, 5 തീയതികളിൽ സംഘടിപ്പിക്കുന്ന കോൺക്ലേവിൽ സ്ഥാനാർഥി നിർണയവും പാർട്ടി പുനഃസംഘടനയും സംബന്ധിച്ച വിശദമായ മാനദണ്ഡങ്ങൾ രൂപപ്പെടുത്താനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. വിവിധ നേതൃസമിതികളിൽ നിന്നുള്ള 170 മുതിർന്ന നേതാക്കളാണ് കോൺക്ലേവിൽ പങ്കെടുക്കുക. വലിയ ഭൂരിപക്ഷത്തോടെ പാർട്ടിയെ അധികാരത്തിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം രൂപംനൽകും.
സ്ഥാനാർഥി നിർണയത്തിനുള്ള ആദ്യഘട്ടമായി ജനുവരി ആദ്യവാരത്തിൽ തന്നെ എഐസിസി സ്‌ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വീകരിച്ച മാതൃക നിയമസഭാ തിരഞ്ഞെടുപ്പിലും നടപ്പാക്കണമെന്ന അഭിപ്രായമാണ് ഉയരുന്നത്. അതായത്, സ്ഥാനാർഥികളെ മുകളിൽ നിന്ന് അടിച്ചേൽപ്പിക്കുന്ന രീതിക്ക് പകരം, മണ്ഡലതലത്തിൽ നിന്നുള്ള നിർദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്ഥാനാർത്ഥി നിർണയമാകും കോൺഗ്രസിൽ ഇക്കുറി. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ രൂപീകരിച്ച കോർ കമ്മിറ്റികൾ മുന്നോട്ടുവെക്കുന്ന പേരുകളാണ് അന്തിമ തീരുമാനത്തിന്റെ അടിസ്ഥാനം.
സിറ്റിങ് എംഎൽഎമാരുടെ കാര്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. ഒന്നുരണ്ട് പേരൊഴികെ നിലവിലെ എംഎൽഎമാർക്കൊക്കെ വീണ്ടും അവസരം ലഭിക്കുമെന്നാണ് സാധ്യത. കൂടാതെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥികൾക്കും ഇത്തവണ പരിഗണന ലഭിക്കുമെന്ന സൂചനയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 93 സീറ്റുകളിൽ മത്സരിച്ചെങ്കിലും 21 സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്.
തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി മണ്ഡലങ്ങളെ ജയസാധ്യതയുടെ അടിസ്ഥാനത്തിൽ എ, ബി, സി വിഭാഗങ്ങളായി തരംതിരിക്കും. ഉറപ്പായും ജയിക്കാവുന്ന മണ്ഡലങ്ങൾ ‘എ’ വിഭാഗത്തിലാകും. മികച്ച സംഘടനാ പ്രവർത്തനവും ശക്തമായ പ്രചാരണവും നടത്തിയാൽ ജയിക്കാവുന്ന മണ്ഡലങ്ങളാണ് ‘ബി’ വിഭാഗത്തിൽ ഉൾപ്പെടുക. ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളാണ് ‘സി’ വിഭാഗം. തദ്ദേശസ്ഥാപനങ്ങളിലെ വോട്ടു നില, പാർട്ടി നിയോഗിക്കുന്ന സർവേ സംഘത്തിന്റെ റിപ്പോർട്ടുകൾ, മണ്ഡലതല കോർ കമ്മിറ്റികളുടെ വിലയിരുത്തൽ എന്നിവയാണ് തരംതിരിവിന് മാനദണ്ഡമാകുക. 2021-ൽ മത്സരിച്ച 93 സീറ്റുകളിൽ വലിയ മാറ്റം ഇത്തവണ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
70 സീറ്റുകളിൽ വിജയം നേടുക എന്ന ലക്ഷ്യമാണ് കോൺഗ്രസ് മുന്നിൽ വെക്കുന്നത്. ഇതിന്റെ ഭാഗമായി ഘടകകക്ഷികളുമായുള്ള സീറ്റ് ധാരണകൾ പുനഃപരിശോധിക്കാനും ആലോചനയുണ്ട്. ജയസാധ്യത കണക്കിലെടുത്ത് മുസ്‌ലിം ലീഗുമായും കേരള കോൺഗ്രസ് (ജോസഫ് ഗ്രൂപ്പ്) മായും സീറ്റുകളുടെ വെച്ചുമാറ്റത്തിനും സാധ്യതയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് 24 സീറ്റിൽ മത്സരിച്ച് 15 ഇടത്ത് വിജയിച്ചപ്പോൾ, ജോസഫ് ഗ്രൂപ്പ് 10 സീറ്റിൽ മത്സരിച്ച് രണ്ടിടത്താണ് വിജയിച്ചത്.
അതേസമയം ആർഎസ്‌പി, സിഎംപി തുടങ്ങിയ ഘടകകക്ഷികൾ, ജയസാധ്യതയില്ലാത്ത മണ്ഡലങ്ങൾ നൽകി സീറ്റ് എണ്ണം തികയ്ക്കുന്ന പതിവ് ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് അനൗപചാരികമായി ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരയോഗ്യമായ മണ്ഡലങ്ങൾ ലഭിക്കണം എന്നതാണ് ഇവരുടെ നിലപാട്. കോൺക്ലേവിൽ സീറ്റ് വിഭജനമോ സ്ഥാനാർഥി പ്രഖ്യാപനമോ ഉണ്ടാകില്ലെങ്കിലും, സീറ്റ് ധാരണയുമായി ബന്ധപ്പെട്ട പൊതുവായ നയരേഖ തയ്യാറാക്കാനാണ് ശ്രമം.
ഇതിനിടെ ചില എംപിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പാർട്ടി നിലവിൽ കൈവശമില്ലാത്ത ചില നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ എംപിമാരെ തന്നെ സ്ഥാനാർഥികളാക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നാണ് സൂചന.
പാർട്ടി പുനഃസംഘടനയുടെ ഭാഗമായുള്ള അവശേഷിക്കുന്ന കെപിസിസി സെക്രട്ടറിമാരുടെ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളും കോൺക്ലേവിൽ ചർച്ച ചെയ്യപ്പെടും. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പുനഃസംഘടന പൂർത്തിയാക്കണമോയെന്ന കാര്യത്തിൽ വ്യക്തമായ തീരുമാനമെടുക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.











