
ന്യൂഡൽഹി: ജനിക്കുന്നതിന് മുൻപുതന്നെ ഗർഭസ്ഥശിശുവിന്റെ നട്ടെല്ലിലെ ഗുരുതര വൈകല്യം ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് ഡൽഹി എയിംസ്. 25 ആഴ്ച പ്രായമുള്ള ഗർഭസ്ഥശിശുവിനെ അമ്മയുടെ ഗർഭപാത്രം തുറന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ഓപ്പൺ ഫീറ്റൽ സർജറി നടത്തുന്നതെന്നാണ് റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെ ജനനി ശിശുസുരക്ഷാ പദ്ധതിയിലൂടെ പൂർണമായും സൗജന്യമായാണ് ചികിത്സ നടത്തിയത്.
നട്ടെല്ലിന്റെയും സുഷുമ്നാനാഡിയുടെയും വളർച്ച പൂർണമാകാത്തതിനെ തുടർന്ന് കുഞ്ഞിന്റെ നട്ടെല്ലിന്റെ താഴ്ഭാഗത്ത് ദ്രാവകം നിറഞ്ഞ സഞ്ചിപോലെ പുറത്തേക്ക് തള്ളിനിൽക്കുന്ന അവസ്ഥയായിരുന്നു. 'ലംബോസാക്രൽ മയലോമെനിഞ്ചോസീൽ' എന്നറിയപ്പെടുന്ന ഈ ജന്മവൈകല്യം കുട്ടികളിൽ ഗുരുതരമായ ശാരീരിക പരിമിതികൾക്ക് കാരണമാകാം. ഗർഭധാരണത്തിനു മുൻപും ഗർഭകാലത്തിന്റെ ആദ്യഘട്ടങ്ങളിലും അമ്മയ്ക്ക് ഫോളിക് ആസിഡ് കുറയുന്നത് ഇത്തരം വൈകല്യങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്.
കുഞ്ഞ് ജനിച്ചശേഷം ചികിത്സിക്കുന്നതിനുപകരം ഗർഭാവസ്ഥയിൽത്തന്നെ ശസ്ത്രക്രിയ നടത്തുന്നത് കൂടുതൽ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ, ശസ്ത്രക്രിയയെത്തുടർന്ന് മാസം തികയാതെയുള്ള പ്രസവം സംഭവിക്കാനും ഗർഭാശയത്തിലെ മുറിവുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഉണ്ടാകാനും സാധ്യതയുണ്ട്.
ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ 30 ഡോക്ടർമാരാണ് പങ്കെടുത്തത്. ന്യൂറോ സർജൻ ഡോ. ദീപക് ഗുപ്ത, പ്രസവചികിത്സാ വിദഗ്ധരായ ഡോ. നീന മൽഹോത്ര, ഡോ. കെ. അപർണ ശർമ എന്നിവർ സംഘത്തിന് നേതൃത്വം നൽകി.
ഗർഭസ്ഥശിശുക്കളുടെ ചികിത്സയിൽ മാത്രമല്ല, രാജ്യത്തെ പീഡിയാട്രിക് ന്യൂറോസർജറി മേഖലയിലും ഈ നേട്ടം പുതിയ അധ്യായമാണെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ പീഡിയാട്രിക് ന്യൂറോസർജറി പ്രസിഡന്റ് ഡോ. ദീപക് ഗുപ്ത വ്യക്തമാക്കി.










