
ദോഹ: ജപ്പാനിൽ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിൽ ('ഐച്ചി-നാഗോയ 2026') ഖത്തർ സംഘത്തിന് പൂർണ്ണ വൈദ്യസഹായമൊരുക്കി അസ്പെറ്റാർ (Orthopaedic and Sports Medicine Hospital). ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അദ്നാൻ സൽത്താനിയുടെ നേതൃത്വത്തിൽ 28 അംഗ വിദഗ്ധ മെഡിക്കൽ ടീമാണ് ഖത്തർ സംഘത്തെ അനുഗമിക്കുന്നത്.
427 അംഗങ്ങളുള്ള ഖത്തർ സംഘത്തിൽ 26 കായികയിനങ്ങളിലായി മാറ്റുരയ്ക്കുന്ന 243 കായികതാരങ്ങളും ഉൾപ്പെടുന്നു. ഗെയിംസ് വില്ലേജിൽ പ്രത്യേക ക്ലിനിക്ക് സ്ഥാപിച്ചും മത്സരവേദികളിൽ നേരിട്ടെത്തിയുമാണ് അസ്പെറ്റാർ വൈദ്യസഹായം നൽകുന്നത്.2030-ൽ ദോഹ അടുത്ത ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കാനിരിക്കെ, ഇത്തരം അനുഭവങ്ങൾ ഖത്തറിലെ കായിക ആരോഗ്യ മേഖലയ്ക്ക് കൂടുതൽ കരുത്തുപകരുമെന്ന് അസ്പെറ്റാർ ആക്ടിംഗ് ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ മൗലവി വ്യക്തമാക്കി. ഖത്തർ ഒളിമ്പിക് കമ്മിറ്റിയും (QOC) അസ്പെറ്റാറും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ സഹകരണം.










