
തിരുവനന്തപുരം: സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മണ്ഡലങ്ങളിലുണ്ടായ തർക്കങ്ങളും വിമതപ്രശ്നങ്ങളും പരിഹരിക്കാൻ കേരളത്തിലേക്ക് എഐസിസി പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചു. കർണാടകയിലും തെലങ്കാനയിലും വിജയകരമായി പരീക്ഷിച്ച മാതൃകയാണ് കോൺഗ്രസ് ഇപ്പോൾ കേരളത്തിലും നടപ്പാക്കുന്നത്. സംസ്ഥാനത്തെ 40 മണ്ഡലങ്ങളിലേക്കായി നിയോഗിച്ച നിരീക്ഷകർ ഇതിനകം കേരളത്തിലെത്തി. കെ.പി.സി.സി. ആസ്ഥാനത്ത് എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപാ ദാസ്മുൻഷി എന്നിവരുടെ നേതൃത്വത്തിൽ ഇവർക്ക് ചുമതലകൾ നിശ്ചയിച്ച് നൽകുകയും ചെയ്തിട്ടുണ്ട്.
തെലങ്കാനയും കർണാടകയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരും എം.പിമാരും എം.എൽ.എമാരുമാണ് സംഘത്തിലുള്ളത്. വോട്ടെടുപ്പ് വരെ ഇവർ മണ്ഡലങ്ങളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കും. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കൽ, അനുകൂല രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കൽ, പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ എന്നിവയാണ് പ്രത്യേക ദൗത്യസംഘത്തിന്റെ ചുമതല.
അതേസമയം, സ്ഥാനാർഥിത്വം ലഭിക്കാതിരുന്ന നേതാക്കൾക്ക് ഭരണം ലഭിക്കുന്ന സാഹചര്യത്തിൽ പദവികൾ നൽകുമെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായുള്ള തീരുമാനങ്ങൾ നിരീക്ഷകരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. വിമതപ്രശ്നങ്ങൾ രൂക്ഷമായ മണ്ഡലങ്ങളിൽ ഇടപെട്ട് അത്തരക്കാരെ പിന്തിരിപ്പിക്കാനും സംഘം ശ്രമിക്കും. കർണാടകയിലും തെലങ്കാനയിലും ഈ രീതിയിലുള്ള ‘നിരീക്ഷണ’ സംവിധാനം വിജയകരമായി പ്രവർത്തിച്ചതാണ് ഇതിന് പ്രചോദനമെന്ന് വിലയിരുത്തപ്പെടുന്നു.
ഇതിന് പുറമെ, പാർട്ടി ഘടകങ്ങളിലെ പ്രശ്നങ്ങൾ കണ്ടെത്തി എഐസിസി, കെപിസിസി നേതൃത്വത്തെ അറിയിക്കുകയും, ബൂത്തുതലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ, ഗൃഹസന്ദർശനങ്ങൾ, പ്രചാരണ സാമഗ്രികളുടെ വിതരണം എന്നിവ കൃത്യമായി നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും. സാമൂഹിക, ജാതി-മത ഘടകങ്ങളും വിലയിരുത്തി, അട്ടിമറിയോ അസ്വാരസ്യമോ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഉടൻ ഇടപെടൽ ഉറപ്പാക്കാനും നടപടി സ്വീകരിക്കും.











