11:39pm 11 November 2026
NEWS
എഐഎ ഫിൻപ്രോവ് സഹകരണത്തിന് ധാരണ
20/11/2025  06:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എഐഎ ഫിൻപ്രോവ് സഹകരണത്തിന് ധാരണ

യുകെ ആസ്ഥാനമായി അക്കൗണ്ടന്റുമാരുടെയും ധനകാര്യ മേഖലയിലെ പ്രൊഫഷണലുകളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ അക്കൗണ്ടന്റ്സ് (എഐഎ), ധനകാര്യ-അക്കൗണ്ടിംഗ് രംഗത്ത് വ്യവസായാധിഷ്ടിത പരിപാടികൾ സംഘടിപ്പിക്കുന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്ടെക് കമ്പനിയായ ഫിൻപ്രോവ് ലേണിംഗുമായി ഇന്ത്യയിലെ ആദ്യത്തെ പങ്കാളിത്തം പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ എഐഎ യുകെ പോളിസി & റെഗുലേഷൻ ഡയറക്ടർ ഡേവിഡ് പോട്ട്സ്, ഫിൻപ്രോവ് ലേണിംഗ് സ്ഥാപകനും സിഇഒയുമായ സിഎ ആനന്ദ് കുമാർ, ഫിൻപ്രോവ് ലേണിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ എസ് ആർ നായർ എന്നിവർ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇന്ത്യയിലുടനീളമുള്ള പഠിതാക്കൾക്ക് ആക്‌സസ് ചെയ്യാവുന്നതും എളുപ്പത്തിൽ വഴങ്ങുന്നതും വ്യവസായത്തിന് അനുയോജ്യമായതുമായ യോഗ്യതകൾ ചുരുങ്ങിയ ചെലവിൽ നൽകാനാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇരുകമ്പനികളും അറിയിച്ചു. പ്രൊഫഷണൽ യോഗ്യതകളുടെ നിലവാരം ഉയർത്താനും അതുവഴി ഇന്ത്യൻ അക്കൗണ്ടന്റുമാരെയും ധനകാര്യ പ്രൊഫഷണലുകളെയും സഹായിക്കാനും ലക്ഷ്യമിട്ടാണ് എഐഎ ഫിൻപ്രോവുമായി ധാരണയിലെത്തിയത്. ഇന്ത്യയുടെ അതിവേഗം വളരുന്ന സാമ്പത്തിക രംഗത്തിന് ആഗോളതലത്തിലെ മികച്ച മാതൃകകൾ സ്വീകരിക്കുന്നതിനും ഈ സഹകരണം വഴിയൊരുക്കുമെന്ന് ഇരുകമ്പനികളും വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും പ്രതിഭാശാലികളായവർക്ക് ജന്മം നൽകുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ ഫിൻപ്രോവ് ലേണിംഗുമായുള്ള തങ്ങളുടെ പങ്കാളിത്തം എഐഎയുടെ ആഗോള യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ഡേവിഡ് പോട്ട്സ് പറഞ്ഞു. ആഗോള ധനകാര്യ സർട്ടിഫിക്കേഷനുകൾക്കായുള്ള ആവശ്യകതയിൽ 20% സിഎജിആറും ഇന്ത്യയുടെ തൊഴിൽ ശക്തി അഭൂതപൂർവമായ തോതിൽ വികസിക്കുന്നതും പരിഗണിക്കുമ്പോൾ ഈ സഹകരണം ശരിയായ സമയത്താണ് ഉണ്ടായിരിക്കുന്നതെന്ന് സിഎ ആനന്ദ് കുമാർ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img