06:39pm 07 November 2026
NEWS

എഐയുടെ വളർച്ച നിയന്ത്രിച്ചില്ലെങ്കിൽ മനുഷ്യരാശിയുടെ അവസാനം? ഞെട്ടിച്ച് മുൻ ഗവേഷകന്റെ മുന്നറിയിപ്പ്; ‘അടുത്ത 2 വർഷം നിർണായകം’

13/09/2026  03:25 PM IST
nila
 എഐയുടെ വളർച്ച നിയന്ത്രിച്ചില്ലെങ്കിൽ മനുഷ്യരാശിയുടെ അവസാനം? ഞെട്ടിച്ച് മുൻ ഗവേഷകന്റെ മുന്നറിയിപ്പ്; ‘അടുത്ത 2 വർഷം നിർണായകം’

കലിഫോർണിയ: എഐയുടെ വളർച്ച ഇങ്ങനെ തന്നെ അതിവേഗം തുടർന്നാൽ മനുഷ്യരാശിയുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അപകടസാധ്യതകളെക്കുറിച്ച് ഗുരുതര ആശങ്കകൾ ഉന്നയിച്ച് ജോലി രാജിവച്ച ആൻത്രോപ്പിക്കിലെ മുൻ ഗവേഷകൻ ജേക്കബ് കോക്സണാണ് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

എഐ കമ്പനികൾ തമ്മിലുള്ള കടുത്ത മത്സരം നിയന്ത്രണങ്ങളെയും സുരക്ഷയെയും പിന്നിലാക്കുകയാണെന്നാണ് കോക്സന്റെ ആരോപണം. നിലവിലെ വികസന വേഗം കുറച്ചില്ലെങ്കിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ തന്നെ അതീവ ഗുരുതരമായ സാഹചര്യം യാഥാർഥ്യമായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിബിസിയുടെ ലോറ ക്യുൻസ്‌ബെർഗിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“എഐയുടെ വളർച്ചയുടെ ഇപ്പോഴത്തെ വേഗം കുറയ്ക്കാൻ കഴിയുന്നില്ലെങ്കിൽ അത് മനുഷ്യരാശിയുടെ അവസാനമായിരിക്കും” എന്നായിരുന്നു കോക്സന്റെ മുന്നറിയിപ്പ്. എഐ രംഗത്ത് പ്രവർത്തിക്കുന്നവർ തന്നെ നിയന്ത്രണങ്ങൾ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.

എഐ കമ്പനികൾ പരസ്പരം മറികടക്കാനുള്ള മത്സരത്തിലാണ്. ഈ മത്സരത്തിന്റെ ഫലങ്ങൾ എന്തായിരിക്കുമെന്ന് അതിൽ പ്രവർത്തിക്കുന്നവർക്ക് പോലും ഭയമുണ്ട്. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യയുടെ വികസനത്തിനൊപ്പം സുരക്ഷാ നിയന്ത്രണങ്ങളും ശക്തമാക്കേണ്ടത് അനിവാര്യമാണെന്നും കോക്സൺ ചൂണ്ടിക്കാട്ടി.

എന്നാൽ എഐ സൃഷ്ടിക്കുന്ന ഏറ്റവും വലിയ ദുരന്തം എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങൾ നഷ്ടപ്പെട്ട എഐ സംവിധാനങ്ങൾ മനുഷ്യരുടെ നിയന്ത്രണത്തിന് പുറത്തേക്ക് പോകാനുള്ള സാധ്യതയാണ് പ്രധാന ആശങ്കകളിലൊന്ന്.

ആൻത്രോപ്പിക് തലവൻ ഡാരിയോ അമോഡിയും നേരത്തെ സമാനമായ ആശങ്കകൾ പങ്കുവച്ചിരുന്നു. എഐ വികസനത്തിന്റെ വേഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അമോഡി എഴുതിയ ലേഖനത്തെ കോക്സൺ പിന്തുണച്ചു. എന്നാൽ ഇത്തരമൊരു നിയന്ത്രണം ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുമായി ഏകോപിപ്പിച്ചായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൂപ്പർ കംപ്യൂട്ടറുകളെപ്പോലെ പ്രവർത്തിക്കുകയും ഇന്റർനെറ്റിൽ വ്യാപകമായി ഇടപെടാൻ കഴിയുകയും ചെയ്യുന്ന ബോട്ടുകളുടെ വലിയൊരു ശൃംഖല രൂപപ്പെടുന്നതാണ് അമോഡി ചൂണ്ടിക്കാട്ടിയ പ്രധാന അപകടങ്ങളിലൊന്ന്.

ഓപ്പൺഎഐയിൽ ജോലി ചെയ്ത ശേഷമാണ് 27 കാരനായ ജേക്കബ് കോക്സൺ ആൻത്രോപ്പിക്കിൽ എത്തിയത്. പിന്നീട് എഐയുടെ നിയന്ത്രണാതീതമായ വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ തുറന്നുപറഞ്ഞ് രാജിവച്ചതോടെയാണ് അദ്ദേഹത്തിന്റെ രാജിക്കത്ത് വലിയ ചർച്ചയായത്. ഇപ്പോൾ നൽകിയ അഭിമുഖത്തിലൂടെ എഐ രംഗത്തിനുള്ളിലെ സുരക്ഷാ ആശങ്കകൾ വീണ്ടും ശക്തമായി പൊതുചർച്ചയിലേക്ക് എത്തിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img