06:49pm 10 November 2026
NEWS
ജയിലുകൾക്ക് ഇനി എ.ഐ സുരക്ഷ; പുതിയ ജയിൽ നിർമ്മിക്കും
27/07/2025  08:36 AM IST
സുരേഷ് വണ്ടന്നൂർ
ജയിലുകൾക്ക് ഇനി എ.ഐ സുരക്ഷ; പുതിയ ജയിൽ നിർമ്മിക്കും
HIGHLIGHTS
  • ​വിയ്യൂർ സെൻട്രൽ ജയിലിലെ ഏകാന്ത സെല്ലിലാണ് ഗോവിന്ദച്ചാമിയെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. പുറത്തേക്ക് ഇറങ്ങാൻ അനുവദിക്കാതെ ഭക്ഷണം സെല്ലിൽ എത്തിച്ചുനൽകുകയാണ്.
  • ശനിയാഴ്ച ആയതിനാൽ മട്ടൻ കറിയടക്കമുള്ള ഊണാണ് ഇയാൾക്ക് നൽകിയത്.

​തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ അതീവ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. ജയിൽ ഉദ്യോഗസ്ഥരെയും തടവുകാരെയും ഒരേസമയം നിരീക്ഷിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്ഠിത സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. രാത്രി ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഈ ക്യാമറകൾ മതിലുകളിലെ ഇലക്ട്രിക് ഫെൻസിംഗുമായി ബന്ധിപ്പിക്കുകയും, ജയിൽചാട്ടത്തിന് ശ്രമമുണ്ടായാൽ അലാറം മുഴങ്ങുകയും ഉന്നത ഉദ്യോഗസ്ഥരുടെ ഫോണിൽ അപായസന്ദേശം എത്തുകയും ചെയ്യും.

​മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. പൂജപ്പുര, കണ്ണൂർ, വിയ്യൂർ, തവനൂർ സെൻട്രൽ ജയിലുകളിൽ ചുറ്റുമതിലിനു മുകളിൽ മൂന്നു മാസത്തിനകം വൈദ്യുതി ഫെൻസിംഗ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കും. നിലവിലുള്ള വീഡിയോ കോൺഫറൻസിംഗ് സംവിധാനം ശക്തിപ്പെടുത്താനും, ജയിലിനകത്ത് ഇന്റലിജൻസ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും തീരുമാനമായി.

​ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെക്കുറിച്ച് അന്വേഷിക്കാൻ കേരള ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചു. നിലവിലുള്ള പോലീസ്, വകുപ്പുതല അന്വേഷണങ്ങൾക്ക് പുറമെയാണിത്.

​പുതിയ ജയിൽ നിർമ്മാണം:

​സെൻട്രൽ ജയിലുകളിൽ താങ്ങാനാവുന്നതിലേറെ തടവുകാരുള്ള സാഹചര്യം കണക്കിലെടുത്ത് പുതിയ സെൻട്രൽ ജയിൽ പണിയും. കോട്ടയം, പത്തനംതിട്ട മേഖലകളിൽ ഇതിനായി സ്ഥലം കണ്ടെത്തും.

​മറ്റ് പ്രധാന തീരുമാനങ്ങൾ:

​ജയിൽ ജീവനക്കാർ തുടർച്ചയായി ഒരേ സ്ഥലത്ത് തുടരാൻ അനുവദിക്കില്ല. അഞ്ചുവർഷം പൂർത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും.
​ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളിൽ പലരെയും അതീവ സുരക്ഷാ ജയിലിലാണ് പാർപ്പിക്കുന്നത്.
​അന്യസംസ്ഥാനക്കാരായ തടവുകാരെ അതത് സംസ്ഥാനങ്ങളിലെ ജയിലുകളിലേക്ക് മാറ്റുന്നതും പരിഗണനയിലുണ്ട്.
​മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, ഇന്റലിജൻസ് അഡിഷണൽ ഡി.ജി.പി. പി. വിജയൻ എന്നിവർ പങ്കെടുത്തു.

​ഗോവിന്ദച്ചാമിക്ക് മട്ടൻകറി ഊണ്:

​വിയ്യൂർ സെൻട്രൽ ജയിലിലെ ഏകാന്ത സെല്ലിലാണ് ഗോവിന്ദച്ചാമിയെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. പുറത്തേക്ക് ഇറങ്ങാൻ അനുവദിക്കാതെ ഭക്ഷണം സെല്ലിൽ എത്തിച്ചുനൽകുകയാണ്. ശനിയാഴ്ച ആയതിനാൽ മട്ടൻ കറിയടക്കമുള്ള ഊണാണ് ഇയാൾക്ക് നൽകിയത്.
​"കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായത് അത്യന്തം ഗൗരവം ഉള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണ്. അന്വേഷണങ്ങൾ അതിവേഗം പൂർത്തിയാക്കണം," മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

​എ.ഐ. അധിഷ്ഠിത ക്യാമറകൾ ഉദ്യോഗസ്ഥർ ഉറങ്ങിയാലും തടവുകാരുടെ നീക്കങ്ങൾ തിരിച്ചറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കും. ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും മുഖം എ.ഐ. സംവിധാനത്തിൽ മുൻകൂട്ടി അപ്‌ലോഡ് ചെയ്യുന്നതിനാൽ സെല്ലുകൾ അടച്ചശേഷം പുറത്തുള്ളത് ജീവനക്കാരാണോ തടവുകാരാണോയെന്ന് ക്യാമറ തിരിച്ചറിയും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img