
മനുഷ്യൻ കാലങ്ങളായി മരണം സംബന്ധിച്ച ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. മരണാനന്തരം എന്താണ് സംഭവിക്കുന്നതെന്നും മരണം മുൻകൂട്ടി അറിയാൻ കഴിയുമോ എന്നുമുൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ ചർച്ചകളും ഗവേഷണങ്ങളും നടക്കുന്നുണ്ട്. ഇപ്പോഴിതാ, സൈബർ ലോകത്ത് മരണം പ്രവചിക്കുന്ന ഒരു വെബ്സൈറ്റാണ് ചർച്ചകളിൽ നിറയുന്നത്. 'ഡെത്ത് ക്ലോക്ക്' എന്ന പേരിലുള്ള ഈ സൈറ്റ് നിർമ്മിതബുദ്ധിയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇവർ നിങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയാൽ നിങ്ങളുടെ മരണം എപ്പോഴെന്ന് പ്രവചിക്കുമത്രെ.
ആരും ഇത് കാര്യമായി എടുക്കരുത് തമാശയായി കരുതണം' എന്ന മുൻകൂർ ജാമ്യത്തോടെയാണ് വെബ്സൈറ്റ് നമ്മുടെ ആയുസ്സ് പ്രവചിക്കുക. അതായത് ഇതിനെ ആരും സത്യമെന്ന് കരുതി ഗൗരവത്തിലെടുക്കരുത്. തീർത്തും നേരംപോക്കിനായി സെറ്റ് ചെയ്തിരിക്കുന്ന ഒരു സൈറ്റാണെന്ന് ചുരുക്കം. തീർത്തും സൗജന്യമായി എല്ലാവർക്കും ഉപയോഗിക്കത്തക്ക രീതിയിലാണ് ഡെത്ത് ക്ലോക്ക് എന്ന ഈ വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.
ജനനത്തീയതി, ബോഡി മാസ് ഇൻഡക്സ്, ഭക്ഷണക്രമം, വ്യായാമം, പുകവലി - മദ്യപാന ശീലങ്ങൾ, തൂക്കം, ഉയരം തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് വെബ്സൈറ്റിൽ നൽകേണ്ടത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രസ്തുത വ്യക്തി എപ്പോൾ മരിക്കുമെന്നും മരണകാരണം എന്തായിരിക്കും എന്നുമാണ് വെബ്സൈറ്റ് പറയുന്നത്. കൂടാതെ ഇനി അവശേഷിക്കുന്നത് എത്ര മണിക്കൂറുകളും സെക്കൻഡുകളും ആണെന്നും കൗണ്ട് ഡൗൺ രീതിയിൽ വെബ്സൈറ്റിൽ കാണിക്കും.











