02:39am 27 June 2026
NEWS
എഐ യുവതിയെ ​ഗർഭിണിയാക്കി!
12/06/2025  06:40 PM IST
nila
എഐ യുവതിയെ ​ഗർഭിണിയാക്കി!

അങ്ങനെ അതും എഐ ചെയ്തു. അതെ, എഐ എന്ന് നമ്മൾ ചുരുക്കിവിളിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി ഒരു യുവതിയെ ​ഗർഭിണിയാക്കിയിരിക്കുകയാണ്. 19 വർഷമായി മക്കളില്ലാതെ വിഷമിച്ച ദമ്പതികൾക്കാണ് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഇപ്പോൾ കുഞ്ഞ് ജനിക്കാൻ പോകുന്നത്. വന്ധ്യതാ ചികിത്സാ രം​ഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. 

കൊളംബിയ സർവകലാശാലയിലെ ഫെർട്ടിലിറ്റി സെൻററിലെ ഡോക്ടർമാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എഐ അടിസ്ഥാനമാക്കിയുള്ള 'സ്റ്റാർ' പ്രക്രിയയാണ് യുവതിയെ ഗർഭിണിയാകാൻ സഹായിച്ചത്. സ്പേം ട്രാക്കിങ് ആൻറ് റിക്കവറി എന്നതിന്റെ ചരുക്കെഴുത്താണ് സ്റ്റാർ. ആരോഗ്യകരമായ ബീജങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് സ്റ്റാർ. സൂസ്പെർമിയ എന്ന അവസ്ഥയുള്ളവർക്കും 'സ്റ്റാർ' പ്രയോജനപ്പെടുത്താമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഇനി എന്താണ് ‌അസൂസ്പെർമിയ എന്നറിയേണ്ടേ? 

ഒരു ബീജം പോലുമില്ലാതെ സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണ് അസൂപെർമിയ. പുരുഷ വന്ധ്യതയുടെ പ്രധാന കാരണവും ഇതാണ്. അതായത്, സ്ഖലമുണ്ടാകും, സ്പേമും ഉണ്ടാകും എന്നാൽ, അതിൽ ഒരു ബീജം പോലുമുണ്ടാകില്ല. ബീജം പുറത്തേക്ക് വരാത്ത അവസ്ഥയിൽ സ്വാഭാവികമായ ഗർഭധാരണം ഏറെക്കുറെ അസാധ്യവുമാണല്ലോ.  

അസൂസ്പെർമിയ തന്നെ പലവിധമുണ്ട്. ഒബ്സ്ട്രക്ടീവ് അസൂസ്പെർമിയ, നോൺ ഒബ്സ്ട്രക്ടീവ് അസൂപെർമിയ എന്നിങ്ങനെയുള്ള പേരുകളിലാണ് ഇവയെ തരംതിരിച്ചിരിക്കുന്നത്. 

സ്ഖലനം സംഭവിക്കുന്നതിനിടെ ബീജങ്ങൾ പുറത്തേക്ക് എത്തുന്നത് തടസപ്പെടുന്ന അവസ്ഥയാണ് ഒബ്സ്ട്രക്ടീവ് അസൂസ്പെർമിയ. അണുബാധ, ശസ്ത്രക്രിയ, ജൻമനാലുള്ള വൈകല്യങ്ങൾ എന്നിവ ഒബ്സ്ട്രക്ടീവ് അസൂപെർമിയയ്ക്ക് കാരണമാകും. ജനിതക കാരണങ്ങളെ തുടർന്നോ, ഹോർമോണുകളിലെ ഏറ്റക്കുറച്ചിൽ കാരണമോ മറ്റ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്നോ ബീജോൽപാദനം നടക്കാതിരിക്കുന്ന ശാരീരികാവസ്ഥയാണ് നോൺ ഒബ്സ്ട്രക്ടീവ് അസൂപെർമിയ. അതായത്, ബീജം ഉത്പാദിപ്പിക്കപ്പെട്ടിട്ടും പുറത്തേക്ക് വരാതിരിക്കുന്ന അവസ്ഥയും  പുരുഷശരീരം ബീജം ഉദ്പാദിപ്പിക്കപ്പെടാതിരിക്കുന്ന അവസ്ഥയും അസൂസ്പെർമിയ തന്നെയാണ്.

എന്തുകൊണ്ടാണ് ഇത്തരമൊരു അവസ്ഥയുണ്ടാകുന്നത് എന്നും നമുക്ക് നോക്കാം. നിരവധി ഘടകങ്ങളാണ് അസൂസ്പെർമിയയ്ക്ക് ഇടയാക്കുന്നത്. ജനിതക ഘടകങ്ങളാണ് ഇതിൽ പ്രധാനം. ക്ലിൻഫെൽറ്റർ പോലെയുള്ള വൈകല്യങ്ങൾ ബീജോൽപാദനത്തെ തന്നെ ബാധിക്കും. ടെസ്റ്റോറ്റിറോണിൻറെ കുറവും ബീജോൽപാദനം കുറയാനിടയാക്കിയേക്കും. വൃഷണത്തെ ബാധിക്കുന്ന അണുബാധകൾ, ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട് നടത്തിയ ശസ്ത്രക്രിയകൾ എന്നിവയും ബീജോൽപാദനത്തെ ബാധിക്കാം. ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് കുട്ടികൾ ഉണ്ടാകില്ലെന്ന പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

ഇനി നമ്മുടെ എഐ എങ്ങനെയാണ് അസൂസ്പെർമിയയെ പ്രതിരോധിക്കുന്നത് എന്ന് നോക്കാം..

സ്പേം ട്രാക്കിങ് ആൻറ് റിക്കവറി അഥവാ സ്റ്റാർ എന്ന പ്രക്രിയയിലൂടെയാണ് എഐ യുവതികളെ ​ഗർഭിണികളാക്കുന്നത് എന്ന് നേരത്തേ പരഞ്ഞല്ലോ? ശുക്ലത്തിൻറെ സാംപിളുകൾ ശേഖരിക്കുകയാണ് സ്റ്റാർ പ്രക്രിയയിലെ ആദ്യ പടി. സാംപിളുകളിൽ നിന്നും മണിക്കൂറിൽ എട്ട് മില്യണെന്ന കണക്കിൽ എഐ ചിത്രങ്ങൾ വേർതിരിക്കും. ഈ ചിത്രങ്ങൾ എഐ അൽഗരിതം വഴി വിശകലനം നടത്തിയ ശേഷം ഗർഭധാരണത്തിന് സഹായിക്കുന്ന ബീജങ്ങളെ വേർതിരിച്ചെടുക്കും. 

ഇതുപയോഗിച്ച് സംയോജനം നടത്തിയതോടെയാണ് ഗർഭധാരണം വിജയകരമായത്. വന്ധ്യതാ ചികിൽസയിൽ എഐ ഉപയോഗിക്കുന്നതോടെ കൃത്യതയും കാര്യക്ഷമതയും കൈവരിക്കാൻ കഴിയുമെന്നും ഇത് വിജയനിരക്ക് വർധിപ്പിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, സ്റ്റാർ സംവിധാനം ഇപ്പോഴും പരീക്ഷണഘട്ടത്തിൽ തന്നെയാമെന്നും വിശദമായ പഠനങ്ങൾ നിരീക്ഷണങ്ങളും ആവശ്യമാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img