കളമശ്ശേരി:കേരളത്തിലെ ഭവനരഹിത മാനസിക രോഗികളുടെ മാനസികസാമൂഹിക പുനരധിവാസം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് പിന്തുണയോടെ നടപ്പിലാക്കുന്ന മേജർ പദ്ധതിയുടെ ഭാഗമായി എഐ അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘പ്രഗതി കെയർ (PRAGATI Care)’ വികസിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം എഡിൻബറോ സർവകലാശാലയിലെ സോഷ്യൽ വർക്ക് – റെഫ്യൂജി പഠന വിഭാഗത്തിലെ പേഴ്സണൽ ചെയർ പ്രൊഫ.ജോർജ് പാലാട്ടിയിൽ നിർവഹിച്ചു.രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിലെ സോഷ്യൽ വർക്ക് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അനീഷ് കെ. ആർ. യുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഷിജു തോമസ് എം. വൈ., എലിസബത്ത് ജെയിംസ്, ആൽബിൻ ജോസഫ്, വർഗീസ് പി. റോയ് എന്നിവർ സംഘത്തിലെ അംഗങ്ങളാണ്.പുനരധിവാസ കേന്ദ്രങ്ങളുടെ വിവരങ്ങളും താമസക്കാരുടെ പശ്ചാത്തലം, രോഗചരിത്രം, കഴിവുകൾ എന്നിവയും ഉൾപ്പെടുത്തി സമഗ്ര പ്രൊഫൈലുകൾ സൃഷ്ടിക്കുന്നതാണ് പ്ലാറ്റ്ഫോം. WHODAS 2.0, സോഷ്യൽ ആൻഡ് ഒക്ക്യുപേഷണൽ ഫംഗ്ഷനിംഗ് സ്കെയിൽ, WHOQOL-BREF എന്നിവ ഡിജിറ്റൽ രൂപത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ വ്യക്തിഗത ആവശ്യങ്ങൾക്ക് അനുയോജ്യമായ മാനസികസാമൂഹിക കെയർ പ്ലാനുകൾ എഐ സ്വയമേവ തയ്യാറാക്കുന്നു.കുറഞ്ഞ വിഭവസാധ്യതകളുള്ള സാഹചര്യങ്ങൾ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്തിരിക്കുന്ന ‘പ്രഗതി കെയർ’ ഏത് ഉപകരണത്തിലൂടെയും ബ്രൗസർ ആപ്ലിക്കേഷനായി ഉപയോഗിക്കാം.
Photo Courtesy - Google








