11:21am 30 April 2026
NEWS
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണം സംബന്ധിച്ച് നിർണായക കണ്ടെത്തൽ
12/07/2025  07:51 AM IST
nila
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണം സംബന്ധിച്ച് നിർണായക കണ്ടെത്തൽ

260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണം സംബന്ധിച്ച് നിർണായക കണ്ടെത്തൽ. വിമാനത്തിന്റെ  എൻജിനിലേക്ക് ഇന്ധനം എത്തുന്നത് നിയന്ത്രിക്കുന്ന എൻജിൻ ഫ്യൂവൽ സ്വിച്ചുകൾ ഓഫായതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇന്ധനം എത്താതായതോടെ എൻജിനുകളുടെ പ്രവർത്തനം നിലയ്ക്കുകയും വിമാനം താഴേക്ക് പതിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

വ്യോമയാന മന്ത്രാലയം പുറത്തുവിട്ട എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ അന്വേഷണത്തിന്റെ പ്രഥമിക റിപ്പോർട്ടിലാണ് വിമാനത്തിന്റെ എൻജിൻ ഫ്യൂവൽ സ്വിച്ചുകൾ ഓഫായിരുന്നു എന്ന് വ്യക്തമാക്കുന്നത്.കോക്പിറ്റിനുള്ളിലെ വോയ്സ് റെക്കോർഡറിൽ നിന്നാണ് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. എന്തിനാണ് എൻജിൻ ഫ്യൂവൽ സ്വിച്ചുകൾ ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്തതെന്നാണ് രണ്ടാമത്തെ പൈലറ്റ് മറുപടി നൽകുന്നത്. അതേസമയം, സ്വിച്ചുകൾ എങ്ങനെ ഓഫായെന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. 

വിമാനം പറന്നുയർന്ന് സെക്കന്റുകൾക്കുള്ളിൽതന്നെ സ്വിച്ചുകൾ ഓഫായി എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതോടെ എൻജിനിലേക്കുള്ള ഇന്ധന ഒഴുക്ക് നിലക്കുകയും പിന്നാലെ ത്രസ്റ്റ് നഷ്ടപ്പെട്ട് വിമാനം താഴേക്ക് പതിക്കുകയായിരുന്നു. അബദ്ധത്തിൽ കൈതട്ടിയാൽ ഈ സ്വിച്ച് ഓഫ് ആകുകയില്ല. ബോധപൂർവമോ, അല്ലെങ്കിൽ മറ്റേതെങ്കിലും സ്വിച്ചെന്ന് തെറ്റിധരിച്ചോ ഓഫ് ചെയ്താൽ മാത്രമേ ഇങ്ങനെ സംഭവിക്കു. എന്നാൽ പരിചയ സമ്പന്നരായ രണ്ട് പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. അതിനാൽ അബദ്ധത്തിൽ മറ്റേതെങ്കിലും സ്വിച്ച് ആണെന്ന് തെറ്റിധരിക്കാനുള്ള സാധ്യത വിരളമാണ്.

ഫ്യൂവൽ സ്വിച്ചുകൾ ഓഫാകാൻ മൂന്ന് സാധ്യതകളാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പൈലറ്റുമാരുടെ ഭാ​ഗത്തുനിന്നുണ്ടാകാവുന്ന പിഴവാണ് ഇതിൽ ഒന്നാമത്തേത്. എന്നാൽ, പരിചയ സമ്പന്നരായ രണ്ട് പൈലറ്റുമാർക്ക് അബദ്ധം പറ്റിയെന്ന് വിശ്വസിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 
ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ഇലക്ട്രിക്കൽ സംവിധാനത്തിലുള്ള സാങ്കേതിക തകരാർ സംഭവിച്ചാലും ഈ സ്വിച്ചുകൾ ഓഫാകാൻ സാധ്യതയുണ്ട്. ബോയിങ് 787 വിമാനത്തിന്റെ കോക്പിറ്റ് രൂപകൽപ്പനയിലെ പിഴവുകളും സ്വിച്ച് ഓഫ് ആകുന്നതിലേക്ക് നയിച്ചേക്കാമെന്നാണ് വിലയിരുത്തൽ. 

260 പേരാണ് അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചത്. വിമാനത്തിലെ 230 പേരും വിമാനം തകർന്നുവീണ സ്ഥലത്ത് ഉണ്ടായിരുന്ന 30 പേരുമാണ് കൊല്ലപ്പെട്ടത്. അതേസമയം, വിമാനത്തിലുണ്ടായിരുന്ന ഒരാൾ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img