
ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ ദൃശ്യങ്ങൾ ആകസ്മികമായി പകർത്തിയതിന്റെ ഞെട്ടലിലാണ് പന്ത്രണ്ടാം ക്ലാസുകാരനായ ആര്യൻ അസാരി. വിദൂര ഗ്രാമത്തിൽ നിന്ന് പിതാവിനെ കാണാൻ അഹമ്മദാബാദിലെത്തിയ ആര്യൻ, വിമാനം ലാൻഡ് ചെയ്യുകയാണെന്ന് തെറ്റിദ്ധരിച്ച് കൗതുകത്താൽ ഫ്ലാറ്റിന്റെ ടെറസിൽ കയറി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. കൂട്ടുകാർക്ക് അയച്ച് 'ഹീറോ' ആകാനായിരുന്നു ഈ ശ്രമം.
വിമാനത്തിന്റെ മുൻഭാഗം മുകളിലേക്ക് ഉയർന്ന നിലയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്നെങ്കിലും യഥാർത്ഥത്തിൽ അത് താഴേക്കാണ് പതിച്ചുകൊണ്ടിരുന്നത്. "ലാൻഡ് ചെയ്യാനായിരിക്കും എന്ന് കരുതി. പിന്നെ കാണുന്നത് തീ ആളുന്നതാണ്. കണ്ണടച്ചു തുറക്കുംമുമ്പ് ഉഗ്ര സ്ഫോടനം. കണ്ണിന് വിശ്വസിക്കാനാകാത്ത അഗ്നിഗോളമായി അതുമാറി," ആര്യൻ സംഭവത്തെക്കുറിച്ച് ഓർത്തെടുത്തു. 270 പേരുടെ ജീവനെടുത്ത ദുരന്തമായിരുന്നു അതെന്ന് പിന്നീട് മാത്രമാണ് ആര്യൻ അറിഞ്ഞത്.
അഹമ്മദാബാദ് മെട്രോയിൽ സൂപ്പർവൈസറായ പിതാവ് മഗൻ സിംഗ് ജോലിക്കു പോകാനുള്ള സൗകര്യം കണക്കിലെടുത്താണ് ആറുമാസം മുമ്പ് വിമാനത്താവളത്തിന് അടുത്തുള്ള ഫ്ലാറ്റിലേക്ക് താമസം മാറിയത്. അവിടേക്ക് ആദ്യമായാണ് ആര്യനും സഹോദരിയും വന്നത്. തൊട്ടുമുകളിൽ കൂടി വിമാനങ്ങൾ പറന്നുപോകുന്നതും താഴ്ന്നിറങ്ങുന്നതും കണ്ടപ്പോൾ അത് പകർത്തി കൂട്ടുകാരെ കാണിക്കാൻ ആര്യന് കൗതുകമായി.
വിമാനം അഗ്നിഗോളമായി മാറുന്നത് കണ്ടതോടെ ആര്യൻ ഓടി താഴെയിറങ്ങി സഹോദരിയോട് വിവരം പറഞ്ഞു. മുൻ കരസേന ഉദ്യോഗസ്ഥൻ കൂടിയായ പിതാവിന് ഈ ദൃശ്യങ്ങൾ അയച്ചുകൊടുത്തു. വിമാനത്തിന്റെ ചക്രങ്ങൾ ഉള്ളിലേക്ക് കയറിയിരുന്നില്ലെന്നും പിൻഭാഗത്തെ ഫ്ലാപ്പുകൾ വിടർന്നിരിക്കുകയാണെന്നും അധികൃതർക്ക് ബോധ്യമായത് ആര്യൻ പകർത്തിയ ഈ ദൃശ്യങ്ങളിൽ നിന്നാണ്.
വിമാനയാത്ര നടത്തില്ലെന്ന് തീരുമാനം
അന്വേഷണ ഏജൻസികളും മാധ്യമപ്രവർത്തകരും അന്വേഷിച്ചെത്തിയതോടെ ആര്യൻ അസാരി ആകെ ഭയന്നുപോയി. സഹോദരന് നേരാംവണ്ണം ഉറക്കംപോലും ലഭിക്കുന്നില്ലെന്ന് സഹോദരി വെളിപ്പെടുത്തി. ഒരിക്കലും വിമാനയാത്ര നടത്തില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് ആര്യൻ. ഇന്ന് സ്കൂൾ തുറക്കുന്നതിനാൽ ആര്യൻ നാട്ടിലേക്ക് മടങ്ങി. അതിനുമുമ്പ് പിതാവിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. സാക്ഷി എന്ന നിലയിലാണ് മൊഴിയെടുത്തതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.











