
ദോഹ:മേഖലയിലെ വെല്ലുവിളികൾക്കിടയിലും ജിബൂട്ടിയിലെ ദാമർജോഗ് (Damerjog) മേഖലയിൽ ഖത്തർ ചാരിറ്റിയുടെ ബൃഹത്തായ ഭവന പദ്ധതിയായ 'അഹ്ല ഖത്തർ വില്ലേജിന്' തറക്കല്ലിട്ടു. ജിബൂട്ടി നഗരവികസന-ഭവന നിർമ്മാണ മന്ത്രി ആമിന അബ്ദി ആദന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
അർഹരായ കുടുംബങ്ങൾക്കായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 80 ഭവന യൂണിറ്റുകളാണ് നിർമ്മിക്കുക.പ്രദേശത്തെ പ്രൈമറി സ്കൂളിൽ മൂന്ന് പുതിയ ക്ലാസ് മുറികളുടെ നിർമ്മാണം, ഒരു പള്ളി, ഖുർആൻ പഠന കേന്ദ്രം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
ദാമർജോഗിലെ ഏകദേശം 3,500 ഓളം താമസക്കാർക്ക് ഈ പദ്ധതിയുടെ പ്രയോജനം നേരിട്ട് ലഭിക്കും.സുരക്ഷിതവും മാന്യവുമായ താമസസൗകര്യം ഒരുക്കുന്നതിലൂടെ ദരിദ്ര കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സ്ഥിരത ഉറപ്പാക്കുകയാണ് ഖത്തർ ചാരിറ്റി ലക്ഷ്യമിടുന്നത്.ജിബൂട്ടിയിലെ ഖത്തർ എംബസി ചാർജ് അഫയേഴ്‌സ് മുഹമ്മദ് അൽ ദർഹം, ഖത്തർ ചാരിറ്റി ജിബൂട്ടി ബ്രാഞ്ച് ഡയറക്ടർ ഗാദ ഇസ്സുദ്ദീൻ അഹമ്മദ്, അർട്ട റീജിയൻ ഗവർണർ ഹസൻ ദബാലെ അഹമ്മദ് എന്നിവരടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് അന്തസ്സായ ജീവിതസാഹചര്യം ഒരുക്കുന്നതിൽ ഖത്തർ നൽകുന്ന തുടർച്ചയായ പിന്തുണയ്ക്ക് ജിബൂട്ടി മന്ത്രി ആമിന അബ്ദി ആദൻ നന്ദി അറിയിച്ചു. ജിബൂട്ടി സർക്കാരിന്റെ ദേശീയ വികസന പദ്ധതികളുമായി ചേർന്നാണ് ഖത്തർ ചാരിറ്റി ഈ പദ്ധതി നടപ്പിലാക്കുന്നത്.











