
തിരുവനന്തപുരം: മൂന്നാം തുടർഭരണവും തദ്ദേശ തിരഞ്ഞെടുപ്പിൽ വൻവിജയവും പ്രതീക്ഷിച്ച് സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ നീക്കം. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്കരണം, ഡി.എ കുടിശിക വിതരണം, ക്ഷേമപെൻഷൻ തുക വർദ്ധിപ്പിക്കൽ എന്നിവയാണ് പരിഗണിക്കുന്നത്. വൻ സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് തിരഞ്ഞെടുപ്പിനുള്ള തുറുപ്പുചീട്ടാക്കുന്നത്.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപനം നടത്തിയേക്കും. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 1800 ആയി വർദ്ധിപ്പിച്ചേക്കും. പടിപടിയായി ഉയർത്തുമെന്ന വാഗ്ദാനവും നൽകും.
ഡി.എ കുടിശിക ഉടൻ; ശമ്പള പരിഷ്കരണം പരിഗണനയിൽ
ജീവനക്കാർക്ക് ഏഴു ഗഡു ഡി.എ കുടിശികയുണ്ട്. ഇതിൽ രണ്ടു ഗഡു ഉടൻ നൽകാനാണ് ആലോചന. ബാക്കിയുള്ളതു നൽകുന്ന സമയക്രമം പ്രഖ്യാപിക്കാനാണ് സാദ്ധ്യത. ഏഴു ഗഡു കുടിശിക നൽകാൻ മാത്രം 20,000 കോടിയോളം കണ്ടെത്തേണ്ടിവരും.
ശമ്പള പരിഷ്കരണം എപ്പോൾ നടപ്പാക്കുമെന്ന പ്രഖ്യാപനം ഉണ്ടാകും. ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ സമിതി രൂപീകരിച്ച് ശുപാർശവാങ്ങി ഉടൻ നടപ്പാക്കുമെന്ന പ്രഖ്യാപനത്തിനാണ് സാദ്ധ്യത.
തദ്ദേശതിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഇവയെല്ലാം പ്രഖ്യാപിച്ചാൽ ജനങ്ങളുടെ പ്രീതി നേടാമെന്നും വോട്ടായി മാറുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.











