
ദോഹ: പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കടാര കൾച്ചറൽ വില്ലേജ് സംഘടിപ്പിക്കുന്ന ഒമ്പതാമത് 'മഹാസീൽ' (Mahaseel) ഫെസ്റ്റിവലിന് തുടക്കമായി. നഗരസഭ മന്ത്രാലയത്തിലെ കാർഷിക വികസന വിഭാഗവുമായി സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്. കടാരയിലെ 'ഫെരീജ് കടാര'യിലാണ് മേള നടക്കുന്നത്.ഖത്തറിലെ തനത് ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്ന 75 പവിലിയനുകളാണ് ഇത്തവണ മേളയിലുള്ളത്. ഖത്തറിലെ കൃഷിഭൂമികളിൽ നിന്നുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാണ്.ഖത്തറിലെ പ്രാദേശിക ഉൽപാദനത്തെ പിന്തുണയ്ക്കാനും ഉൽപാദകരും ഉപഭോക്താക്കളും തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനും ഈ മേള അവസരമൊരുക്കുന്നു. കുട്ടികൾക്കായി പ്രത്യേക കളിസ്ഥലവും കൃഷിയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായുള്ള ശിൽപശാലകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുടുംബത്തോടൊപ്പം ഷോപ്പിംഗും വിനോദവും ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് മഹാസീൽ ഫെസ്റ്റിവൽ ക്രമീകരിച്ചിരിക്കുന്നത്.











