
ആഗ്രയിൽ മുസ്ലീം യുവാക്കൾക്ക് നേരേ ആക്രമണം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. താജ്ഗഞ്ചിൽ ശിൽപ്ഗ്രാം റോഡിലുള്ള ഒരു റെസ്റ്റോറന്റിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. ഗൾഫാം എന്ന യുവാവാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സെയ്ഫ് അലി എന്നയാൾക്കാണ് പരിക്കേറ്റത്. ആഗ്ര കേന്ദ്രമായുള്ള 'ഗോ രക്ഷക്' എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിനുള്ള പ്രതികാരമായാണ് ഇത് ചെയ്തതെന്നാണ് സംഘടനയുടെ പ്രതികരണം.
ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. 27 കാരനായ ഗുൽഫാം തന്റെ ബന്ധുവായ ഷാഹിദ് അലിയുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റിലാണ് ജോലി ചെയ്തിരുന്നത്. റസ്റ്റോറന്റ് അടച്ച ശേഷം ഗൾഫാം സുഹൃത്തുക്കളോടൊപ്പം റസ്റ്റോറന്റിന് പുറത്തെ റോഡരികിൽ നിൽക്കവെയാണ് ഒരു സ്കൂട്ടറിൽ എത്തിയ മൂന്നുപേർ മൂന്ന് പേർ വെടിയുതിർത്തത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ കൊല്ലപ്പെട്ടു.
അടുത്തുള്ള ഒരു റസ്റ്റോറന്റിൽ ജോലി ചെയ്യുന്ന സെയ്ഫ് അലി എന്ന മറ്റൊരു യുവാവിനെയും സംഘം വെടിവച്ചു. പ്രദേശവാസികൾ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഗൾഫാമിന്റെ ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം രക്ഷപെട്ട അക്രമികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.











