
ഉജ്ജയിൻ: കത്തുന്ന ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ എടുത്ത് ഭക്ഷിച്ച ‘ലേഡി അഘോരി’ അറസ്റ്റിൽ. കാളി നന്ദ് ഗിരി എന്ന സ്ത്രീയെയാണ് ഉജ്ജയിൻ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. വാളുപയോഗിച്ച് കത്തുന്ന ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ കുത്തിയെടുക്കുകയും പിന്നീട് ഭക്ഷിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങൾ കാളി നന്ദ് ഗിരി തന്നെയാണ് പകർത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ശ്മശാനത്തിന്റെ മേൽനോട്ട ചുമതലയുള്ള വിഷ്ണു മഹാരാജിന്റെ പരാതിയിലാണ് അറസ്റ്റ്. ശ്മശാനത്തിൽ അതിക്രമിച്ച് കയറിയത്, സംസ്കാരച്ചടങ്ങുകൾ തടസ്സപ്പെടുത്തിയതും മൃതദേഹത്തെ അപമാനിച്ചതുമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ കാളി നന്ദ് ഗിരിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
താന്ത്രിക ചടങ്ങിന്റെ പേരിൽ 10 ലക്ഷം തട്ടിയെന്ന പരാതിയും
കാളി നന്ദ് ഗിരിക്കെതിരെ മറ്റൊരു സാമ്പത്തിക തട്ടിപ്പ് പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. താന്ത്രിക ചടങ്ങുകൾ നടത്താമെന്ന് വാഗ്ദാനം ചെയ്ത് തെലങ്കാന സ്വദേശിയായ ഒരു സ്ത്രീയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയാണ് ലഭിച്ചതെന്ന് ഉജ്ജയിൻ എസ്.പി. പ്രദീപ് ശർമ പറഞ്ഞു. കാളി നന്ദ് ഗിരിയുടെ വരുമാന സ്രോതസ്സുകളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇവർ വിവിധ മതകേന്ദ്രങ്ങളെയും ആചാരങ്ങളെയും കുറിച്ചുള്ള വീഡിയോകളും റീലുകളും പങ്കുവയ്ക്കാറുണ്ട്.
പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം കാളി നന്ദ് ഗിരി ജനിച്ചത് പുരുഷനായാണ്. അല്ലൂരി ശ്രീനിവാസ് എന്നായിരുന്നു യഥാർഥ പേര്. പിന്നീട് ട്രാൻസ്ജെൻഡർ വ്യക്തിത്വം സ്വീകരിച്ചെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അഘോരി സമൂഹത്തിൽനിന്നും വിമർശനം ഉയർന്നിട്ടുണ്ട്. ജൂന അഖാരയിലെ മഹാമണ്ഡലേശ്വർ ശൈലേശാനന്ദ ഗിരി കാളി നന്ദ് ഗിരിയുടെ നടപടിയെ അപലപിച്ചു. ഇത്തരം പ്രവൃത്തികൾ പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.











