തലമുറകൾ കൈകോർക്കാൻ വേദിയൊരുക്കി ‘മധുരം 2.0’

എറണാകുളം ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ “മധുരം 2.0 – ഓർമകളുടെ ചിരിക്കൂട്ട്” വയോജന സംഗമം ഫെബ്രുവരി 28 വരെ സംഘടിപ്പിക്കുന്നു. ജില്ലയിലെ 14 ബ്ലോക്കുകളിലായി രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ ഏകദിന പരിപാടികളായാണ് സംഗമങ്ങൾ നടത്തുന്നത്. ജില്ലയിൽ ആയിരത്തോളം വയോജനങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കപ്പെടുന്നു.
വയോജനങ്ങളുടെ സാമൂഹിക പങ്കാളിത്തവും മാനസിക ഉല്ലാസവും വർധിപ്പിക്കുക, തലമുറകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, ആരോഗ്യ-സാമൂഹിക ബോധവൽക്കരണം ഉറപ്പാക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
പരിപാടിയുടെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, സാംസ്കാരിക പരിപാടികൾ, കലാ-കായിക മത്സരങ്ങൾ, എന്നിവ ഉൾപ്പെടെ വിവിധ വിനോദ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു. പുതുതലമുറയും വയോജനങ്ങളും ഒരുമിച്ച് പങ്കെടുക്കുന്ന തലമുറ സംഗമം പരിപാടിയുടെ മുഖ്യ ആകർഷണമാണ്.
കേരളത്തിൽ വർധിച്ച് വരുന്ന വയോജന ജനസംഖ്യയെ മുൻനിർത്തിയാണ് “മധുരം 2.0” നടപ്പിലാക്കുന്നത്. നിലവിൽ സംസ്ഥാനതലത്തിൽ 2,83,615 വയോജനങ്ങളെ ഉൾപ്പെടുത്തി 25,992 വയോജന അയൽക്കൂട്ടങ്ങൾ കുടുംബശ്രീ സംവിധാനത്തിൽ പ്രവർത്തിച്ചു വരികയാണ്.
എറണാകുളം ജില്ലാ മിഷന്റെ മേൽനോട്ടത്തിൽ വയോജന സൗഹൃദ സമൂഹം സൃഷ്ടിക്കുന്നതിനായുള്ള മധുരം 2.0 ജില്ലയിൽ മികച്ച പ്രതികരണം നേടുമെന്ന് ജില്ലാ മിഷൻ കോർഡിനേറ്റർ ടി.എം. റെജിന അറിയിച്ചു.
Photo Courtesy - Google








