
ശ്രീനഗർ: ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി നേതൃത്വവുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രഖ്യാപിച്ച് ശ്രീനഗർ എംപി ആഗ സയീദ് റൂഹുള്ള മെഹ്ദി പാർട്ടി വിട്ടു. എംപി സ്ഥാനവും രാജിവെക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ബുദ്ഗാമിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ച പ്രഖ്യാപനം നടത്തിയത്.
പിതാവും കൊല്ലപ്പെട്ട മുൻ നേതാവുമായ ആഗ സയ്യിദ് മെഹ്ദിയുടെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ചായിരുന്നു റൂഹുള്ളയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചത്. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ നാഷണൽ കോൺഫറൻസ് നേതൃത്വം പരാജയപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. പ്രത്യേകിച്ച്, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പോരാട്ടത്തിൽനിന്ന് പാർട്ടി പിന്നോട്ടുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏകദേശം 80 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പാർട്ടി പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയ്ക്കും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്കുമെതിരെ രൂക്ഷവിമർശനമാണ് റൂഹുള്ള ഉയർത്തിയത്. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന നിലപാടിൽനിന്ന് ഇരുവരും പിന്മാറിയെന്ന് അദ്ദേഹം ആരോപിച്ചു.
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കൽ, തടവുകാരുടെ മോചനം, സൗജന്യ വൈദ്യുതി വിതരണം തുടങ്ങിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ ഉറപ്പുകളെല്ലാം നുണകളായിരുന്നുവെന്നും അത്തരം വാഗ്ദാനങ്ങളുടെ പേരിൽ ഇനി പാർട്ടിക്കൊപ്പം തുടരാൻ കഴിയില്ലെന്നും റൂഹുള്ള വ്യക്തമാക്കി.
ജമ്മു കശ്മീരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള സാധ്യതയും പ്രസംഗത്തിനിടെ അദ്ദേഹം മുന്നോട്ടുവച്ചു. എന്നാൽ, ഒരു പുതിയ പാർട്ടി രൂപീകരിക്കുന്നതിനെക്കാൾ ഉപരിയായി ജനങ്ങളുടെ അന്തസ്സും ആത്മാഭിമാനവും വീണ്ടെടുക്കുന്നതിനുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷിയാ വിഭാഗത്തിൽനിന്നുള്ള പ്രമുഖ നേതാവായ റൂഹുള്ളയ്ക്ക് കശ്മീരിൽ ഗണ്യമായ ജനപിന്തുണയുണ്ട്. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസിന്റെ പ്രധാന പ്രചാരണ മുഖങ്ങളിലൊരാളായിരുന്നു അദ്ദേഹം. കശ്മീർ താഴ്വരയിലും ജമ്മു മേഖലയിലും പാർട്ടി സ്ഥാനാർഥികൾക്കായി വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.
നാഷണൽ കോൺഫറൻസ് അധികാരത്തിലെത്തിയതുമുതൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കണമെന്ന് റൂഹുള്ള നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രത്യേക പദവി തിരിച്ചുപിടിക്കുന്നതിനേക്കാൾ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനാണ് ഒമർ അബ്ദുള്ള സർക്കാർ മുൻഗണന നൽകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
കഴിഞ്ഞ ഏതാനും മാസങ്ങളായി പാർട്ടിക്കുള്ളിൽ റൂഹുള്ള ഒറ്റപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രധാന പാർട്ടി യോഗങ്ങളിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതായും ആരോപണമുണ്ട്. ബുദ്ഗാം നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് അദ്ദേഹം വിട്ടുനിന്നതും നാഷണൽ കോൺഫറൻസിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
റൂഹുള്ളയുടെ രാജി നാഷണൽ കോൺഫറൻസിൽ കൂടുതൽ പ്രതിസന്ധികൾക്ക് വഴിവെക്കുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. അദ്ദേഹത്തോടൊപ്പം പാർട്ടിയിലെ മറ്റ് നേതാക്കളും എംഎൽഎമാരും പുറത്തുപോകുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. അടുത്തിടെ നടന്ന മന്ത്രിസഭാ പുനഃസംഘടനയെച്ചൊല്ലി ഇരുപതോളം എംഎൽഎമാർ പാർട്ടിക്കുള്ളിൽ അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.










