
തിരുവനന്തപുരം: മാസപ്പടി, ഹവാലയിടപാട് ആരോപണങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ആവശ്യത്തിന് കനത്ത തിരിച്ചടി. ഇ.ഡി ഡി.ജി.പിക്ക് നൽകിയ കത്തിൽ ഇരുവർക്കുമെതിരെ വിശ്വാസ്യയോഗ്യമായ തെളിവുകളൊന്നുമില്ലെന്നും ചില നിഗമനങ്ങൾ മാത്രമാണുള്ളതെന്നും അഡ്വക്കേറ്റ് ജനറൽ (എ.ജി) ജാജു ബാബു സർക്കാരിനെ അറിയിച്ചു. അതിനാൽ ഈ കത്ത് മാത്രം അടിസ്ഥനമാക്കി വിജിലൻസിന് കേസെടുക്കാനാകില്ലെന്നാണ് ആദ്യഘട്ട നിയമോപദേശം.
വീണാ വിജയന്റെ പണമിടപാടുകളെല്ലാം ബാങ്ക് വഴിയാണെന്നും, സ്വകാര്യ വ്യക്തികൾ തമ്മിലുള്ള ഇത്തരം ഇടപാടുകളിലേക്ക് പിണറായിയെയും റിയാസിനെയും ബന്ധിപ്പിക്കുന്ന ശക്തമായ തെളിവുകൾ ഇ.ഡിയുടെ കൈവശമില്ലെന്നും എ.ജി ചൂണ്ടിക്കാട്ടുന്നു. ദുബായിലേക്ക് പണം മാറ്റിയെന്നും റിയാസ് കൈക്കൂലി വാങ്ങിയെന്നും ഇ.ഡി അവകാശപ്പെടുന്നുണ്ടെങ്കിലും, ദുബായിൽ ആർക്കാണ് പണം നൽകിയതെന്നോ അതിനുള്ള വ്യക്തമായ തെളിവുകളോ കത്തിലില്ല. റിയാസിനെതിരെ സുഹൃത്ത് നൽകിയ മൊഴിയല്ലാതെ മറ്റെന്തെങ്കിലും ഭദ്രമായ തെളിവുകൾ ഹാജരാക്കാൻ ഇ.ഡിക്കായിട്ടില്ല.
മുൻപ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതി തള്ളിയ പശ്ചാത്തലത്തിൽ, ഇ.ഡിയുടെ കത്ത് മാത്രം നോക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ അത് കോടതിയിൽ ചോദ്യചെയ്യപ്പെടാനും റദ്ദാക്കപ്പെടാനും സാധ്യതയുണ്ട്. ഇത് സർക്കാരിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും എന്ന വിലയിരുത്തലിലാണ് ആഭ്യന്തരവകുപ്പ്. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസിഫലിയുമായിക്കൂടി ചർച്ച നടത്തിയ ശേഷം തിങ്കളാഴ്ച എ.ജി സർക്കാരിന് അന്തിമ വിശദ നിയമോപദേശം നൽകും. തെളിവുകളുടെ അഭാവത്തിൽ നേരിട്ട് കേസെടുക്കുന്നതിന് പകരം ഒരു പ്രാഥമികാന്വേഷണത്തിന് ഉത്തരവിടുന്നതിനെക്കുറിച്ചാണ് സർക്കാർ നിലവിൽ ആലോചിക്കുന്നത്.











