07:24pm 06 May 2026
NEWS
തളിപ്പറമ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ സിപിഐഎം വിമതന്‍ ടി.കെ. ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ചു .
06/05/2026  05:57 PM IST
സണ്ണി ലുക്കോസ്
തളിപ്പറമ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ സിപിഐഎം വിമതന്‍ ടി.കെ. ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ചു .

ഭാര്യ കെ.പി. രമണിക്കൊപ്പമായിരുന്നു കോടിയേരിയുടെ വീട്ടിലെത്തിയത്. വീടിന്റെ പരിസരത്തുള്ള കോടിയേരിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തുകയും ഭാര്യ വിനോദിനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.വൈകാരികമായ കൂടിക്കാഴ്ചയായിരുന്നു. കോടിയേരി ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഈ ഗതി വരില്ലെന്നും പ്രതികരിച്ചു. കോടിയേരിയുമായി വൈകാരിക ബന്ധമാണ് ഉള്ളതെന്നും താന്‍ കോടിയേരി കുടുംബത്തിലെ ഒരംഗത്തെ പോലെയാണെന്നും പ്രതികരിച്ചു. ടി.കെ. ഗോവിന്ദന്‍ വര്‍ഗ്ഗവഞ്ചകന്‍ അല്ലെന്നും സന്ദര്‍ശനം വ്യക്തിപരമാണെന്നും അതില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും വിനോദിനി പ്രതികരിച്ചു. കോടിയേരിയും താനുമായി വ്യക്തിപരമായി ഒരുപാട് ബന്ധമുണ്ടെന്നും കോടിയേരിയുണ്ടായിരുന്നെങ്കില്‍ ജി സുധാകരനും തനിക്കുമൊന്നും ഈ ഗതി വരില്ലായിരുന്നെന്നും ടി.കെ. ഗോവിന്ദന്‍ പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയത് സ്വജനപക്ഷ പാതമാണെന്ന ആരോപണം ഉന്നയിച്ചാണ് ടി.കെ. ഗോവിന്ദന്‍ എതിരേ മത്സരിച്ചത്. ഇത് കണ്ണൂരിലെ സിപിഐഎമ്മിനെ ചൊടിപ്പിക്കുകയും അദ്ദേഹത്തെ കണ്ണൂര്‍ ജില്ലാസെക്രട്ടറി വര്‍ഗ്ഗവഞ്ചകനെന്ന് വിളിക്കുകയും പാര്‍ട്ടിയില്‍ നിന്നും ഒരാളുടെ പോലും പിന്തുണ കിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിക്കൊണ്ടാണ് ഇതിന് ടി.കെ. ഗോവിന്ദന്‍ തിരിച്ചടി നല്‍കിയത്.

പാര്‍ട്ടി കോട്ടയില്‍ 12,000ത്തിലധികം വോട്ടുകള്‍ക്കാണ് ഗോവിന്ദന്റെ ജയം. സിപിഎം സ്ഥാനാര്‍ഥി പികെ ശ്യാമളയെ ആണ് ഗോവിന്ദന്‍ വീഴ്ത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയും സിറ്റിങ് എംഎല്‍എയുമായ എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ പാര്‍ട്ടി തളിപ്പറമ്പില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ടികെ ഗോവിന്ദന്‍ പാര്‍ട്ടിവിട്ട് സ്വതന്ത്രനായി മത്സരിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img