11:04pm 15 August 2026
NEWS
വിജയ് യുടെ അമ്മയ്ക്കെതിരെ അധിക്ഷേപ പരാമർശം; തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെതിരെ വിമർശനം ശക്തം
15/08/2026  08:43 PM IST
nila
വിജയ് യുടെ അമ്മയ്ക്കെതിരെ അധിക്ഷേപ പരാമർശം; തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെതിരെ വിമർശനം ശക്തം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മിലുള്ള രാഷ്ട്രീയ പോര് സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ നടത്തിയ പരാമർശം വിവാദമാകുന്നു. ഉദയ്നിധിയെ പരിഹസിക്കാൻ വിജയ്‌ പതിവായി ഉപയോഗിക്കുന്ന ‘അച്ഛൻ എവിടെ?’ എന്ന പ്രയോഗത്തിന് മറുപടിയെന്ന നിലയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ നടത്തിയ പരാമർശമാണ് വിവാദമായത്. വിജയ്‌യുടെ അമ്മയെ വ്യക്തിപരമായി പരാമർശിച്ചായിരുന്നു നാഗേന്ദ്രന്റെ പ്രസംഗം.

‘അച്ഛൻ എവിടെ?’ എന്ന് നിയമസഭയിൽ നിരന്തരം ചോദിക്കുന്നതിനു പകരം വീട്ടിൽ പോയി അമ്മയോട് ചോദിക്കണമെന്നായിരുന്നു നാഗേന്ദ്രന്റെ പരിഹാസം. “അപ്പോൾ മാത്രമേ അച്ഛൻ എവിടെയാണെന്ന് അറിയാൻ കഴിയൂ. നിയമസഭയിൽ വന്ന് അച്ഛനെ തിരഞ്ഞാൽ ആർക്കറിയാം?” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം സർക്കാരിനും നേതാക്കൾക്കുമെതിരെ ബിജെപി നേതാക്കൾ നിരന്തരം വിമർശനം ഉന്നയിക്കുന്നതിനിടെയാണ് പുതിയ വിവാദത്തിന് വഴിവച്ച പരാമർശം പുറത്തുവന്നത്.

നാഗേന്ദ്രന്റെ പ്രസംഗത്തിനെതിരെ ടിവികെയും കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. രാഷ്ട്രീയ വിമർശനങ്ങളിൽ കുടുംബാംഗങ്ങളെയും സ്ത്രീകളെയും ഉൾപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും പരാമർശം രാഷ്ട്രീയ മര്യാദയുടെ പരിധി ലംഘിച്ചതാണെന്നും നേതാക്കൾ ആരോപിച്ചു.

ടിവികെ മന്ത്രി രാജ് മോഹൻ നാഗേന്ദ്രന്റെ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ചു. പ്രസംഗം സഭ്യമല്ലാത്തതും അപകീർത്തികരവും ഒരു നേതാവിന്റെ പദവിക്ക് ചേരാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. വിജയ്‌യുടെ അമ്മയെ പരാമർശിച്ചതിലൂടെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, നാഗേന്ദ്രനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും രംഗത്തെത്തി. രാഷ്ട്രീയ വിയോജിപ്പുകളും സർക്കാർ നയങ്ങളോടുള്ള വിമർശനങ്ങളും സ്വാഭാവികമാണെങ്കിലും നേതാക്കളുടെ കുടുംബാംഗങ്ങളെ, പ്രത്യേകിച്ച് അമ്മയെ, അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അണ്ണാമലൈ എക്സിൽ കുറിച്ചു.

ഇത്തരം പ്രസ്താവനകൾ തമിഴ്നാട്ടിലെ രാഷ്ട്രീയ രംഗത്തെ മലിനമാക്കുന്നതാണെന്നും അണ്ണാമലൈ വിമർശിച്ചു. യുവതലമുറയെയും കുട്ടികളെയും ഇത്തരം ‘മൂന്നാംകിട രാഷ്ട്രീയം’ പഠിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

2025 ഏപ്രിലിലാണ് നൈനാർ നാഗേന്ദ്രൻ തമിഴ്നാട് ബിജെപി അധ്യക്ഷനായി ചുമതലയേറ്റത്. ടിവികെ സർക്കാരിനും വിജയ്‌യുടെ നേതൃത്വത്തിനുമെതിരെ അദ്ദേഹം നിരവധി തവണ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയിലും എക്സിലൂടെ നാഗേന്ദ്രൻ ടിവികെ മന്ത്രി രാജ് മോഹനെയും സർക്കാരിനെയും വിമർശിച്ചിരുന്നു. ടിവികെ സർക്കാർ ‘അക്രമ രാഷ്ട്രീയം’ പിന്തുടരുകയാണെന്നും ‘ഹിന്ദു വിരുദ്ധ’ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു.

വിജയ്‌യുടെ ‘അച്ഛൻ എവിടെ?’ എന്ന രാഷ്ട്രീയ പരിഹാസത്തിന് മറുപടിയായി നാഗേന്ദ്രൻ നടത്തിയ പുതിയ പരാമർശം വ്യക്തിപരമായ അധിക്ഷേപമായി മാറിയതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ പോര് വീണ്ടും ചൂടുപിടിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img