11:01am 13 November 2026
NEWS
യെലഹങ്കയിലെ തിരക്ക് കഴിഞ്ഞ് റഹീമും സിപിഎം നേതാക്കളും മൂലമ്പള്ളിയിലേക്ക് വരണം മുഹമ്മദ് ഷിയാസ്
29/12/2025  06:15 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
യെലഹങ്കയിലെ തിരക്ക് കഴിഞ്ഞ് റഹീമും സിപിഎം നേതാക്കളും മൂലമ്പള്ളിയിലേക്ക് വരണം മുഹമ്മദ് ഷിയാസ്

കൊച്ചി: യെലഹങ്കയിൽ  കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് വേണ്ടി മുതലക്കണ്ണീരൊഴുകിയ എ എ റഹിം എംപിയും സിപിഎം നേതാക്കളും സമയം കിട്ടുമ്പോൾ എറണാകുളത്തെ മൂലമ്പള്ളി കൂടി സന്ദർശിക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ്  ഷിയാസ്. കൊടുംക്രൂരതയുടെ 17 വർഷങ്ങളാണ് കടന്നു പോയത്. വല്ലാർപാടം  കണ്ടെയ്‌നർ ടെർമിനലിനായി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളി നിവാസികൾക്ക് വാഗ്ദാനം ചെയ്ത പുനരധിവാസമോ ജോലിയോ ഇന്നേ വരെ നല്കാൻ സർക്കാർ തയാറായിട്ടില്ല.  മൂലമ്പള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ 17 വർഷമായി നീതി തേടി അലയുകയാണ്. നവകേരള സദസിൽ പരാതി നൽകിയിട്ടും ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഏഴ് വില്ലേജുകളിൽ നിന്നായി 316 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. ഇതിൽ 54 കുടുംബങ്ങൾക്ക് മാത്രമാണ് പുനരധിവാസം ഉറപ്പാക്കിയത്. എന്നാൽ ഇവർക്ക് ലഭിച്ചത് ചതുപ്പ് പ്രദേശമായതിനാൽ വീടുകളിൽ വിള്ളൽ വീഴുന്നതും ബലക്ഷയവും കാരണം പാർപ്പിട യോഗ്യമല്ലാതായി മാറുകയും ചെയ്തു. പലതവണ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും പത്ത് വർഷം തികയ്ക്കുന്ന സംസ്‌ഥാന സർക്കാർ ഇവരുടെ ദുരിതം കാണാൻ തയാറായിട്ടില്ല. ഉമ്മൻ‌ചാണ്ടി സർക്കാർ മാത്രമാണ് ഇവർക്ക് അനുകൂലമായ നടപടികൾ സ്വീകരിച്ചത്. കേരള സർക്കാരിന്‍റെ കണ്മുന്നിൽ ദുരിതം അനുഭവിക്കുന്നവരെ കാണാതെയാണ് കർണാടകയിലെ കുടിയൊഴിപ്പിക്കലിന്‍റെ പേരിൽ മുതലക്കണ്ണീരൊഴുകുന്നത്. ആദ്യം മതത്തിന്‍റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം  നടത്തിയെങ്കിലും ജനങ്ങൾ എതിരായതോടെ പാവങ്ങളെ കുടിയൊഴിപ്പിച്ചു എന്ന് തിരുത്തി.
കർണാടകയിലെ കുടിയൊഴിപ്പിക്കലിൽ കോൺഗ്രസ് ദേശീയ നേതൃത്വം കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കർണാടക സർക്കാരും പുനരധിവാസം സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ഇതെല്ലാം  മറച്ചു വച്ച് വർഗീയ വിഷം കുത്തിവെയ്ക്കാനുള്ള സിപിഎം ശ്രമം ജനം പുച്ഛത്തോടെ തള്ളുമെന്നും ഷിയാസ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img