
തമിഴിൽ ഈയിടെ റിലീസായി സൂപ്പർഹിറ്റായിരിക്കുന്ന ചിത്രമാണ് 'കറുപ്പ്'. സൂര്യ നായകനായ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് മലയാള നടനായ ഇന്ദ്രൻസ് ആണ്. ഈ കഥാപാത്രവും, അതിൽ ഇന്ദ്രൻസിന്റെ അഭിനയവും തമിഴ് സിനിമാ പ്രേക്ഷകരെ വളരെയധികം ആകർഷിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഇന്ദ്രൻസിന് തമിഴിൽ നിറയെ അവസരങ്ങൾ വന്നിട്ടുണ്ട് എന്നുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. അതനുസരിച്ച് 'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്തു വരുന്ന ധനുഷിന്റെ 55-മത്തെ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കാൻ ഇന്ദ്രൻസിനെ കരാർ ചെയ്തിരിക്കുന്നുവത്രേ! ധനുഷ് നായകനാകുന്ന ഈ ചിത്രത്തിൽ മറ്റൊരു മലയാള നടനായ മമ്മുട്ടിയും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നുവരുന്ന സാഹചര്യത്തിലാണ് ഇന്ദ്രൻസ് ഈ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ സിനിമയിൽ നായികമാരായി ശ്രീലീലയും, സായ് പല്ലവിയുമാണ് അഭിനയിക്കുന്നത്. സായ് അഭയങ്കർ ആണ് സംഗീതം നൽകുന്നത്. ധനുഷിനൊപ്പം മമ്മുട്ടി, ഇന്ദ്രൻസ് എന്നീ മലയാളി താരങ്ങളും അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായി മാറിയിട്ടുണ്ട് ഇത്.
Photo Courtesy - Google











