
കാസർകോട് ലൈംഗികാവയവത്തില്‍ മെറ്റൽ നട്ട് കുടുങ്ങിയ 46കാരന് രക്ഷകരായത് ഫയർഫോഴ്സ്. ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഡോക്ടർമാർ കൈമലർത്തിയതോടെയാണ് ഒടുവിൽ ഫയർഫോഴ്സിന്റെ സേവനം തേടിയത്. ഫയർഫോഴ്സ് എത്തി ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് നട്ട് അറുത്ത് മാറ്റിയത്. രണ്ടു ദിവസം നട്ട് ലൈംഗികാവയവത്തിൽ കുടുങ്ങിക്കിടന്ന ശേഷമായിരുന്നു ഇയാൾ വിവരം പുറത്തുപറഞ്ഞത്.
മദ്യലഹരിയിൽ ബോധമില്ലാതിരുന്നപ്പോൾ അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്. മൂത്രമൊഴിക്കാൻ പോലും ഇയാൾ വളരെ പ്രയാസപ്പെട്ടിരുന്നു. ലൈംഗികാവയവത്തില്‍ കുടുങ്ങിയ നട്ട് ഊരിയെടുക്കാനായി രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇയാൾ ചികിത്സ തേടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിയത്. ആശുപത്രി ജീവനക്കാർക്കും നട്ട് നീക്കം ചെയ്യാൻ കഴിയാതെ വന്നതോടെയാണ് ഫയർഫോഴ്സിന്റെ സേവനം തേടിയത്.
അഗ്നിരക്ഷാ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അർധ രാത്രിയോടെയാണ് നട്ട് മുറിച്ചുനീക്കിയത്. കട്ടർ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോൾ ചൂടാകുന്നതിനാൽ ലൈംഗികാവയത്തിന് ക്ഷതമേൽക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിന്റെ രണ്ട് ഭാഗവും മുറിച്ചുനീക്കിയത്.











