
16 വർഷത്തെ നീണ്ട കാത്തിരിപ്പിനും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ ഉമ്മനച്ചന് ഇനി നാട്ടിൽ അന്ത്യവിശമം
ചെങ്ങന്നൂർ: ഉമ്മനച്ചന് ഇനി നാട്ടിൽ അന്ത്യവിശമം. 16 വർഷത്തെ നീണ്ട കാത്തിരിപ്പിനും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ, അമേരിക്കയിൽ അന്തരിച്ച കോടുകുളഞ്ഞി കോട്ടമല ബംഗ്ലാവിൽ വെരി റവ. സി.ജെ. ഉമ്മൻ കോർ എപ്പിസ്കോപ്പയുടെ ഭൗതികാവശിഷ്ടങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുവരുന്നു. 2010 ഒക്ടോബർ 14-ന് എൺപത്തി രണ്ടാം വയസ്സിൽ അമേരിക്കയിലെ ഫിലാഡൽഫിയയിൽ വെച്ചായിരുന്നു അച്ചന്റെ വേർപാട്.
മകൻ ഹെയ്ലി ജോണിനും കുടുംബത്തിനും
ഒപ്പമായിരുന്നു അച്ചനും ഭാര്യയും താമസിച്ചു വന്നിരുന്നത്.
കോർ എപ്പിസ്കോപ്പായുടെ സംസ്കാരം 2010 ഒക്ടോബർ 18-ന് ഫിലാഡൽഫിയയിലെ ഓർത്തഡോക്സ് പള്ളിയുടെ
മംഗോളിയ സെമിത്തേരിയിലാണ് നടത്തിയത്. വേർപാടിന്റെ സമയത്ത് ഭൗതികശരീരം നാട്ടിലെത്തിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന റിട്ട. അദ്ധ്യാപികയായ
ഭാര്യ ബ്ലോസം മാത്യുവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഫാ. ഉമ്മന്റെ സംസ്കാരം കഴിഞ്ഞ് നാലാം ദിവസം (ഒക്ടോബർ 21) ബ്ലോസവും അന്തരിച്ചു. തുടർന്ന് ബ്ലോസത്തിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ച് ഒക്ടോബർ 31-ന് കോടുകുളഞ്ഞി പ്രകാശഗിരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കുകയായിരുന്നു.
പിതാവിന്റെ ശരീരം കൂടി നാട്ടിലെത്തിച്ച് അമ്മയുടെ കല്ലറയോട് ചേർത്ത് അടക്കണമെന്നത് കുടുംബാംഗങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ, അമേരിക്കൻ നിയമപ്രകാരം സംസ്കരിച്ച ശരീരം 10 വർഷം കഴിയാതെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാൻ അനുമതി ലഭിക്കുമായിരുന്നില്ല. 10 വർഷത്തെ നിയമപരമായ കാത്തിരിപ്പിന് ശേഷം എംബസിയും ഇരു രാജ്യങ്ങളിലെയും അധികാരികളുമായി ദീർഘകാലം നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് കല്ലറ തുറന്ന് അസ്ഥി അവശിഷ്ടങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാൻ അനുമതി ലഭിച്ചത്.
ചൊവ്വാഴ്ച
വൈകിട്ട് 5 മണിക്ക് കോടുകുളഞ്ഞി കോട്ടമല ബംഗ്ലാവിലെ വസതിയിൽ
ഭൗതിക ശരീരം പൊതു ദർശനത്തിന് വെയ്ക്കും. ബുധനാഴ്ച രാവിലെ ഏഴിന് കോടുകുളഞ്ഞി പ്രകാശഗിരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബ്ബാനയും പുനർ സംസ്കാരവും
ചെങ്ങന്നൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
പള്ളി സെമിത്തേരിയിൽ ഭാര്യ ബ്ലോസത്തിന്റെ കല്ലറയോട് ചേർത്ത് നിർമ്മിച്ച പ്രത്യേക കല്ലറയിലാണ് ഫാ.ഉമ്മന്റെ ഭൗതികാവശിഷ്ടങ്ങൾ പുനർസംസ്കരിക്കുന്നത്.
കേരളത്തിലെ ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും വിദേശത്ത് മരിച്ച് അടക്കം ചെയ്ത ഒരു വൈദികന്റെ ഭൗതികാവശിഷ്ടങ്ങൾ നാട്ടിൽ കൊണ്ടുവന്ന് പുനർ സംസ്കരിക്കുന്നത്.
മക്കൾ: ഹെയ്ലി ജോൺ, മോണ്ട്ലി മാത്യു ഉമ്മൻ (തിരുവനന്തപുരം), ഷെർലി മേരി (ദുബായ്), ഡാർലി എലിസബത്ത് അലക്സ് (അമേരിക്ക), വാസ്കൻലി ഗീവർഗീസ് ഉമ്മൻ (തിരുവനന്തപുരം ) ഫാ. ഗോൾഡൻലി തോമസ് ഉമ്മൻ (റാന്നി നിലയ്ക്കൽ ഭദ്രാസനം), പരേതയായ മേരി.
മരുമക്കൾ: ശൈല, ലെന, അലക്സ് കുര്യൻ, ലുലു, മിനി, പരേതനായ ജോർജ് നൈനാൻ.










