
യുവതിയെ കൊലപ്പെടുത്തിയെന്ന കേസിൽ 14 വർഷം ജയിൽശിക്ഷ അനുഭവിച്ച ശേഷം യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. ഒറീസ ഹൈക്കോടതിയാണ് 42-കാരനായ മദൻ കൻഹറിനെ കുറ്റവിമുക്തനാക്കിയത്. ഇരുപതുകാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
2005-ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഫുൽബാണി ഗ്രാമത്തിലുള്ള തന്റെ വസതിയിൽ നിന്ന് വിറക് ശേഖരിക്കാൻ പോയ യുവതി ഏറെ നേരം വൈകിയിട്ടും തിരികെ വരാത്തതിനെ തുടർന്ന് യുവതിയുടെ അമ്മ അന്വേഷിച്ചിറങ്ങുകയായിരുന്നു. യുവതിയുടെ അമ്മയാണ് തലയ്ക്കും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
യുവതിയും മദൻ കൻഹറും തമ്മിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് തർക്കം നടന്നിരുന്നു. ഇതാണ് ഇയാൾ കേസിൽ പ്രതിയാകാനിടയായത്. ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെ യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ദൃക്‌സാക്ഷി മൊഴികളിലെ പൊരുത്തക്കേടുകളും തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയെ വെറുതേവിട്ടത്. ഇത് മദൻ കൻഹറിന്റെ നിരപരാധിത്വത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് ഒറീസ ഹൈക്കോടതി ചൂണ്ടിക്കാട്ടി. പോസ്റ്റ്‌മോർട്ടത്തിൽ 20-കാരിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചെങ്കിലും മദന് ഇതിൽ പങ്കുണ്ടെന്നതിന് തെളിവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.











