02:22am 06 November 2026
NEWS
12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലത്തീൻ കത്തോലിക്കാ ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് നീതി എൽഎൽ.എം കോഴ്‌സുകളിൽ മൂന്ന് ശതമാനം സംവരണം അനുവദിച്ച് ഉത്തരവായി
04/11/2026  08:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലത്തീൻ കത്തോലിക്കാ ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് നീതി എൽഎൽ.എം കോഴ്‌സുകളിൽ മൂന്ന് ശതമാനം സംവരണം അനുവദിച്ച് ഉത്തരവായി

കൊച്ചി: 2014-ലെ സർക്കാർ ഉത്തരവ് (G.O. (MS). No. 10/2014/BCDD) നടപ്പിലാക്കിക്കിട്ടുന്നതിനായി ലത്തീൻ കത്തോലിക്കാ-ആംഗ്ലോ ഇന്ത്യൻ സമുദായം നടത്തിയ ഏഴ് വർഷത്തിലധികം നീണ്ട നിയമപോരാട്ടം ഒടുവിൽ വിജയത്തിലേക്ക്. ഇതോടെ പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഉത്തരവിൻ്റെ ആനുകൂല്യം സമുദായത്തിന് ലഭ്യമാകുന്നത്.2014 മെയ് 23-ൽ ഉമ്മൻചാണ്ടി സർക്കാർ പുറത്തിറക്കിയ  ഉത്തരവ് പ്രകാരം വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹയർ സെക്കൻഡറി, പ്രൊഫഷണൽ കോളേജുകൾ എന്നിവിടങ്ങളിൽ ലത്തീൻ കത്തോലിക്കാ-ആംഗ്ലോ ഇന്ത്യൻ സമുദായങ്ങളുടെ വിദ്യാഭ്യാസ സംവരണം രണ്ട് ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി വർദ്ധിപ്പിച്ചിരുന്നു. എന്നാൽ തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണർ (സി.ഇ.ഇ) അലോട്ട്‌മെൻ്റ് നടത്തുന്ന എൽഎൽ.എം (LLM) കോഴ്‌സുകളിൽ ഈ ഉത്തരവ് നടപ്പിലാക്കിയിരുന്നില്ല.
ഇതിനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നൽകിയ നിവേദനങ്ങളെയും തുടർന്ന് കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജികളെയും (WP(C) No. 20553/2020, WP(C) No. 10548/2024) തുടർന്ന് 2014-ലെ സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ നിർദ്ദേശിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി (G.O (Rt) No. 1331/2024/HEDN dt 24-10-2024). എന്നാൽ ഇതിനുശേഷവും 2025 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് ഈ ഉത്തരവ് നടപ്പിലാക്കാൻ തയ്യാറായില്ല.തുടർന്ന് വീണ്ടും സമർപ്പിച്ച റിട്ട് ഹർജിയുടെ (WP(C) No. 12208/2025) നടപടികൾ നടക്കുന്നതിനിടെ, വപിന്നാക്ക വിഭാഗ വികസന വകുപ്പ് (കത്ത് നമ്പർ: എ2/52/2026/പിവിവിവ) ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാൻ നിർദ്ദേശം നൽകി.ഇതിൻ്റെ ഫലമായി, 2026-27 അധ്യയന വർഷത്തെ എൽഎൽ.എം പ്രവേശനത്തിനുള്ള പ്രോസ്പെക്ടസിൽ ലത്തീൻ കത്തോലിക്കാ-ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് മൂന്ന് ശതമാനം സംവരണം ഉൾപ്പെടുത്തിക്കൊണ്ട് പുതിയ വ്യവസ്ഥ നിലവിൽ വന്നു. 2025-26 അധ്യയന വർഷത്തിൽ ഇത് 'ആംഗ്ലോ-ഇന്ത്യൻ ഒഴികെയുള്ള ലത്തീൻ കത്തോലിക്കർക്ക് രണ്ട് ശതമാനം' എന്ന നിലയിലായിരുന്നു.

ഫോർട്ട്കൊച്ചി നസ്രത്ത് സ്വദേശി ആൻ്റണി നിൽട്ടൺ റമേലോയാണ് ലത്തീൻ കത്തോലിക്കാ-ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് നീതി ലഭ്യമാക്കുന്നതിനായി ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തിയത്. അഭിഭാഷകരായ ഷെറി ജെ തോമസ്, ഉണ്ണികൃഷ്ണൻ പി ജെ, റെനീഷ് രവീന്ദ്രൻ, ജോമോൻ ആന്റണി, അഞ്ജന പി വി, ലിഗേഷ് സേവിയർ, ആൻ മരിയ ജോൺസൺ  എന്നിവർ വിവിധ ഘട്ടങ്ങളിലായി ഫയൽ ചെയ്ത ഹർജികളിൽ ഹാജരായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img