01:33pm 05 September 2026
NEWS
ആഫ്രിക്കയുടെ യഥാർഥ വലുപ്പം കാണിക്കും; അമേരിക്കയും യൂറോപ്പും ഇനി ചെറുത്; പുതിയ ലോകഭൂപടത്തിന് യുഎൻ അംഗീകാരം


05/09/2026  12:40 PM IST
nila
ആഫ്രിക്കയുടെ യഥാർഥ വലുപ്പം കാണിക്കും; അമേരിക്കയും യൂറോപ്പും ഇനി ചെറുത്; പുതിയ ലോകഭൂപടത്തിന് യുഎൻ അംഗീകാരം

ന്യൂയോർക്ക്: ലോകഭൂപടത്തിൽ ആഫ്രിക്കയുടെ യഥാർഥ വലുപ്പവും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്ന പുതിയ ഭൂപടരീതിക്ക് ഐക്യരാഷ്ട്രസഭ പൊതുസഭയുടെ അംഗീകാരം. പരമ്പരാഗത മെർക്കേറ്റർ പ്രൊജക്ഷന് പകരം ‘ഈക്വൽ എർത്ത് കാർട്ടോഗ്രാഫിക് പ്രൊജക്ഷൻ’ പ്രോത്സാഹിപ്പിക്കുന്ന പ്രമേയത്തിനാണ് വൻ പിന്തുണ ലഭിച്ചത്. പ്രമേയത്തെ 164 രാജ്യങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ അമേരിക്ക എതിർത്തു. ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഭൂഖണ്ഡങ്ങളുടെ യഥാർഥ വലുപ്പവും പരസ്പര അനുപാതവും കൂടുതൽ കൃത്യമായി അവതരിപ്പിക്കുകയാണ് പുതിയ ഭൂപടരീതിയുടെ ലക്ഷ്യം.

1569-ൽ ഫ്ലെമിഷ് ഭൂപടനിർമാതാവായ ജെറാർഡസ് മെർക്കേറ്റർ സമുദ്രയാത്രയ്ക്കും നാവിഗേഷനും സഹായിക്കുന്നതിനായി വികസിപ്പിച്ച മെർക്കേറ്റർ പ്രൊജക്ഷനാണ് പതിറ്റാണ്ടുകളായി ലോകഭൂപടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നത്. എന്നാൽ ഈ രീതിയിൽ ധ്രുവപ്രദേശങ്ങളോട് അടുത്തുള്ള ഭൂവിഭാഗങ്ങൾ യഥാർഥ വലുപ്പത്തേക്കാൾ വലുതായി പ്രത്യക്ഷപ്പെടുന്നു. ഇതുമൂലം ആഫ്രിക്ക പോലുള്ള ഭൂഖണ്ഡങ്ങൾ താരതമ്യേന ചെറുതായി തോന്നുന്നുവെന്ന വിമർശനമുണ്ട്.

പുതിയ ഈക്വൽ എർത്ത് കാർട്ടോഗ്രാഫിക് പ്രൊജക്ഷൻ ഭൂഖണ്ഡങ്ങളുടെ വിസ്തൃതി തമ്മിലുള്ള അനുപാതം കൂടുതൽ കൃത്യമായി നിലനിർത്തുന്നതാണ്. ഇതുവഴി ആഫ്രിക്കയുടെ വലുപ്പവും ആഗോള ഭൂപടത്തിലെ സ്ഥാനവും കൂടുതൽ യാഥാർഥ്യബോധത്തോടെ അവതരിപ്പിക്കാനാകുമെന്നാണ് യുഎൻ വിലയിരുത്തൽ.

ഭൂപടങ്ങൾ വെറും ഭൂമിശാസ്ത്രപരമായ രേഖപ്പെടുത്തലുകൾ മാത്രമല്ലെന്നും അവ വിദ്യാഭ്യാസത്തെയും ലോകത്തെക്കുറിച്ചുള്ള പൊതുധാരണകളെയും സ്വാധീനിക്കുന്നുവെന്നും പ്രമേയത്തിന്റെ സ്പോൺസറായ ടോഗോ വിദേശകാര്യ മന്ത്രി റോബർട്ട് ഡസ്സി പറഞ്ഞു. തെറ്റായ ഭൂമിശാസ്ത്രപരമായ പ്രതിനിധാനം തലമുറകളിലേക്ക് കൈമാറുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആഫ്രിക്കയുടെ ഭൂമിശാസ്ത്രപരമായ പ്രാധാന്യവും യഥാർഥ വ്യാപ്തിയും ലോകത്തിന് മുന്നിൽ കൂടുതൽ കൃത്യമായി അവതരിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പായാണ് യുഎന്നിലെ ആഫ്രിക്കൻ മിഷൻ തീരുമാനത്തെ സ്വാഗതം ചെയ്തത്.

അതേസമയം, ലോകത്തിന്റെ യഥാർഥ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഭൂപടങ്ങളുടെ പ്രാതിനിധ്യം പോലുള്ള വിഷയങ്ങൾക്ക് യുഎൻ പ്രാധാന്യം നൽകുന്നത് ശരിയല്ലെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img