
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം രാജ്യത്തെ ഇന്റർനെറ്റ് വിച്ഛേദിച്ചു. അധാർമ്മികത തടയുന്നതിനായാണ് രാജ്യത്ത് ഇന്റർനെറ്റ് വിച്ഛേദിക്കുന്നത് എന്നാണ് താലിബാൻ വിശദീകരിക്കുന്നത്. താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കാൻ ഉത്തരവിറക്കിയത്. ഇതേതുടർന്ന് തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു. ഇതിനൊപ്പം ബാങ്കിംഗ് മേഖല, കസ്റ്റംസ്, വിമാന സർവീസുകൾ തുടങ്ങി ഒട്ടുമിക്ക സേവനങ്ങളും പ്രതിസന്ധി നേരിടുകയാണ്.
2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം ഇതാദ്യമായാണ് അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുന്നത്. അധികാരം ഏറ്റെടുത്തതിന് പിന്നാലെ ഇസ്ലാമിക നിയമത്തെക്കുറിച്ചുള്ള തങ്ങളുടെ വ്യാഖ്യാനമനുസരിച്ച് താലിബാൻ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമാണ് ഇപ്പോൾ ഇന്റർനെറ്റ് റദ്ദാക്കലിലേക്ക് നയിച്ചത്.
ഈ മാസം ആദ്യം നിരവധി പ്രവിശ്യകളിൽ ഫൈബർ-ഒപ്റ്റിക് കണക്ഷനുകൾ നഷ്ടപ്പെട്ടിരുന്നു. തിങ്കളാഴ്ച, അഫ്ഗാനിസ്ഥാനിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റി സാധാരണ നിലയുടെ 14 ശതമാനത്തിലേക്ക് താഴ്ന്നതായും രാജ്യവ്യാപകമായി ടെലികോം സേവനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടതായും ഇന്റർനെറ്റ് ലഭ്യതയ്ക്കായി വാദിക്കുന്ന നെറ്റ്ബ്ലോക്ക്സ് എന്ന സംഘടന അറിയിച്ചു. നടപടി പൊതുജനങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള സാധ്യതയെ ഇല്ലാതാക്കുമെന്നും അവർ പറഞ്ഞു.











