
ന്യൂഡൽഹി: ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി അഫ്ഗാൻ മണ്ണ് ഒരു തരത്തിലും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ വിദേശകാര്യമന്ത്രി. ഇന്ത്യാ സന്ദർശനത്തിനിടെയാണ് താലിബാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായുള്ള നയതന്ത്ര, വികസന ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾക്കെതിരെ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്ഥാന് മുന്നറിയിപ്പ് നൽകാനും ആമിർ ഖാൻ മുത്തഖി തയ്യാറായി. ഇന്ത്യയിൽ നിന്ന് പാകിസ്ഥാന് താക്കീത് ചെയ്ത് അഫ്ഗാൻ വിദേശകാര്യ മന്ത്രിയുടെ നടപടി അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രധാന്യമർഹിക്കുന്നതാണെന്ന് വിദേശകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പാകിസ്ഥാൻ അതിർത്തി കടന്നുള്ള കളി അവസാനിപ്പിക്കണമെന്നായിരുന്നു അഫ്ഗാൻ വിദേശകാര്യമന്ത്രിയുടെ താക്കീത്. അഫ്ഗാനിസ്ഥാനെ അധികം പ്രകോപിപ്പിക്കരുത്. അങ്ങനെ ചെയ്താൽ, ബ്രിട്ടീഷുകാരോടോ അല്ലെങ്കിൽ അമേരിക്കക്കാരോടോ ചോദിച്ചാൽ, അഫ്ഗാനിസ്ഥാനുമായി അത്തരം കളികൾ കളിക്കുന്നത് നല്ലതല്ലെന്ന് അവർ വിശദീകരിക്കും. തങ്ങൾക്ക് നയതന്ത്ര പാത വേണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അഫ്ഗാൻ പ്രദേശത്ത് അടുത്തിടെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങൾ ഉൾപ്പെടെ സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ പരാമർശം. വ്യാഴാഴ്ച കാബൂളിലെ അബ്ദുൾ ഹഖ് സ്ക്വയറിൽ സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് അഫ്ഗാൻ ആരോപിച്ചിരുന്നു. ചർച്ചയ്ക്കുള്ള വാതിൽ ഞങ്ങൾ തുറന്നിട്ടിരിക്കുന്നു. 40 വർഷത്തിനുശേഷം അഫ്ഗാനിസ്ഥാനിൽ സമാധാനവും പുരോഗതിയും ഉണ്ട്, അത് തടസ്സപ്പെടുത്താൻ തങ്ങൾ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.











