03:04pm 27 July 2026
NEWS
അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ വ്യോമാക്രമണം: 11 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു
10/06/2026  11:00 AM IST
nila
അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ വ്യോമാക്രമണം: 11 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു

കാബൂൾ: പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 11 കുട്ടികളുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ ആരോപിച്ചു. 14 പേർക്ക് പരിക്കേറ്റതായും താലിബാൻ ഭരണകൂടം അറിയിച്ചു. ഖോസ്ത്, കുനാർ, പക്തിക പ്രവിശ്യകളിലായിരുന്നു ആക്രമണമെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. പാകിസ്താൻ വീണ്ടും അഫ്ഗാന്റെ വ്യോമാതിർത്തി ലംഘിച്ച് ബോംബാക്രമണം നടത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളാണെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പക്തിക പ്രവിശ്യയിലെ സ്‌പേര ജില്ലയിൽ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ പത്ത് പേരിൽ ഒൻപത് പേരും കൊല്ലപ്പെട്ടു. ആക്രമണം നടന്നത് രാത്രി ഉറക്കത്തിനിടെയായതിനാൽ രക്ഷപ്പെടാൻ പോലും അവസരം ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. വീട്ടിലെ ഒരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

സംഭവത്തെക്കുറിച്ച് പാകിസ്താൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ അതിർത്തിക്കപ്പുറമുള്ള ഭീകരസംഘടനകളെയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് പാകിസ്താന്റെ നിലപാട്.

അടുത്തകാലത്തായി ശമിച്ചിരുന്ന പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തി സംഘർഷം വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചനയായാണ് പുതിയ സംഭവം വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരിയിൽ പാകിസ്താൻ നടത്തിയ ആക്രമണങ്ങൾക്ക് അഫ്ഗാനിസ്ഥാൻ തിരിച്ചടി നൽകിയിരുന്നു. അതിനുശേഷവും അതിർത്തി മേഖലകളിൽ ഇടയ്ക്കിടെ ആക്രമണങ്ങളും വെടിവയ്പ്പുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img