08:09am 11 November 2026
NEWS
അന്യസ്ത്രീകളെ സ്പ‍ർശിക്കരുതെന്ന് താലിബാൻ; അഫ്​ഗാനിൽ ഭൂകമ്പത്തിനിരയായ സ്ത്രീകൾക്ക് നരകയാതന
06/09/2025  10:03 AM IST
nila
അന്യസ്ത്രീകളെ സ്പ‍ർശിക്കരുതെന്ന് താലിബാൻ; അഫ്​ഗാനിൽ ഭൂകമ്പത്തിനിരയായ സ്ത്രീകൾക്ക് നരകയാതന

അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തിൽ തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളെ ആരും രക്ഷിക്കുന്നില്ലെന്ന് റിപ്പോർട്ട്. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ പുരുഷന്മാരായതാണ് ഭൂകമ്പത്തിൽ ഇരകളായ സ്ത്രീകളുടെ ദുരിതം വർധിപ്പിക്കുന്നത്. അഫ്​ഗാനിൽ താലിബാൻ നടപ്പാക്കിയ നിയമം അനുസരിച്ച് അന്യ പുരുഷന്മാർ സ്ത്രീകളെ സ്പർശിക്കാൻ പാടില്ല. 

അഫ്​ഗാനിൽ ഒരു സ്ത്രീയുടെ അടുത്ത പുരുഷ ബന്ധുവിന് മാത്രമേ സ്ത്രീയെ സ്പർശിക്കാൻ അനുവാദമുള്ളൂ. അതായത്,  അച്ഛൻ, സഹോദരൻ, ഭർത്താവ് അല്ലെങ്കിൽ മകൻ എന്നിവർക്ക് മാത്രമാണ് സ്ത്രീകളെ സ്പർശിക്കാൻ അനുവാദമുള്ളു. ഇവർക്കപ്പുറം ആരെങ്കിലും സ്ത്രീകളെ സ്പ‍ർശിച്ചാൽ കടുത്ത ശിക്ഷയാകും ഏറ്റുവാങ്ങേണ്ടി വരിക. കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരെ സ്പർശിക്കുന്നതിൽനിന്ന് സ്ത്രീകളെയും വിലക്കിയിരിക്കുന്നു.

വനിതാ രക്ഷാപ്രവർത്തകരുടെ അഭാവത്തിൽ ഈ നിയമം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. മെഡിക്കൽ വിദ്യാഭ്യാസത്തിലും മറ്റ് പൊതുരംഗങ്ങളിലും സ്ത്രീകൾക്ക് താലിബാൻ ഏർപ്പെടുത്തിയ വിലക്കിന്റെ അനന്തരഫലമാണിത്. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ സ്ത്രീകളെ ചിലപ്പോൾ ഉപേക്ഷിക്കുകയും മരിച്ചവരെ പുറത്തെടുക്കുകയും ചെയ്യുന്നു. കഴിഞ്ഞ നാല് വർഷമായി താലിബാൻ ഭരിക്കുന്ന രാജ്യത്ത് ലിംഗപരമായ നിയമങ്ങളും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നു.

ചിലർക്ക് രക്തസ്രാവമുണ്ടായിരുന്നെങ്കിലും അവരെ അവഗണണിക്കുകയാണ്. സ്ത്രീകൾക്ക് സഹായം വാഗ്ദാനം ചെയ്യുകയോ അവർക്ക് എന്ത് വേണമെന്ന് ചോദിക്കുകയോ അവരെ സമീപിക്കുകയോ ചെയ്തില്ല. ചില സന്ദർഭങ്ങളിൽ, അയൽപ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകൾ സഹായത്തിനെത്തുന്നത് വരെ ഇരകളായ സ്ത്രീകൾ അവശിഷ്ടങ്ങൾക്കടിയിൽ തന്നെ കിടന്നു." സ്ത്രീകൾ അദൃശ്യരാണെന്ന് തോന്നി. പുരുഷന്മാരെയും കുട്ടികളെയും ആദ്യം ചികിത്സിച്ചപ്പോൾ, സ്ത്രീകൾ പരിചരണത്തിനായി കാത്ത് മാറി ഇരിക്കുകയായിരുന്നു. അടുത്ത പുരുഷ ബന്ധുക്കളാരും ഇല്ലെങ്കിൽ, ശാരീരിക സമ്പർക്കം ഒഴിവാക്കാൻ മരിച്ചവരെ വസ്ത്രത്തിൽ പിടിച്ചുവലിച്ചാണ് പുറത്തെടുത്തത്." മസാർ ദാരാ ഗ്രാമത്തിലെത്തിയ സന്നദ്ധപ്രവർത്തകൻ തഹ്സീബുള്ള മുഹസേബ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

 ഭൂകമ്പത്തിൽ 3,000 പേർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഒട്ടേറെ കെട്ടിടങ്ങൾ തകർന്ന് തരിപ്പണമാവുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img