
വിമാനത്തിന്റെ വീൽ അറയിൽ ഒളിച്ച് പതിമൂന്നുകാരൻ അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലെത്തി. ജീവൻ പോലും നഷ്ടമായേക്കാവുന്ന സാഹചര്യത്തിലായിരുന്നു ബാലന്റെ സാഹസിക യാത്ര. ഇന്നലെ രാവിലെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിന്റെ വിമാനത്തിലെത്തിലായിരുന്നു പതിമൂന്നുകാരൻ അതിസാഹസികമായി യാത്ര ചെയ്തത്.
അഫ്ഗാൻ കുർത്ത ധരിച്ച ബാലൻ പരുങ്ങിനടക്കുന്നതു കണ്ട് സിഐഎസ്എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനു പിന്നാവെ നടത്തിയ ചോദ്യം ചെയ്യലിലാണ് അഫ്ഗാനിൽ നിന്നും വിമാനത്തിന്റെ വീൽ അറയിൽ ഒളിച്ചാണ് താൻ ഇന്ത്യയിലെത്തിയതെന്ന് ബാലൻ പറഞ്ഞത്. കുട്ടി ഇറാനിലേക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ വിമാനം മാറിപ്പോയതോടെ ഇന്ത്യയിലെത്തുകയായിരുന്നു.
പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കില്ല. ബാലനെ അതേ വിമാനത്തിൽ തന്നെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചു. ഇന്ത്യയിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
1996ൽ പ്രദീപ് സൈനി, വിജയ് സൈനി എന്നീ സഹോദരൻമാർ ഇങ്ങനെ ബ്രിട്ടനിലേക്കു യാത്ര ചെയ്തിരുന്നു. പ്രദീപ് രക്ഷപ്പെട്ടു, വിജയ് മരിച്ചു. 30,000 അടി പൊക്കത്തിലെ മൈനസ് 60 ഡിഗ്രി സെൽഷ്യസ് വരെയെത്തുന്ന കൊടുംതണുപ്പിൽ ഹൈപ്പോത്തെർമിയ പിടിപെട്ട് മരിക്കാം. ഓക്സിജന്റെ അളവ് കുറയുന്നതിനാൽ അബോധാവസ്ഥയും തുടർന്നു മരണവും സംഭവിക്കാനിടയുണ്ട്.











