04:32am 30 April 2026
NEWS
എയ്റോ ഇന്ത്യ 2025: എയർഫോഴ്സ് സ്റ്റേഷനിൽ ഉത്സവ പ്രതീതി; സ്റ്റാളുകളുമായി സൈനികരുടെ ഭാര്യമാർ
11/02/2025  12:11 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എയ്റോ ഇന്ത്യ 2025: എയർഫോഴ്സ് സ്റ്റേഷനിൽ ഉത്സവ പ്രതീതി; സ്റ്റാളുകളുമായി സൈനികരുടെ ഭാര്യമാർ

യെലഹങ്ക (ബെംഗളൂരു) യിൽ നിന്ന് മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

എയ്റോ ഇന്ത്യ 2025 രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷൻ ഉത്സവ പ്രതീതിയിലാണ്. ലോകത്തെ 150 രാജ്യങ്ങളിൽ നിന്നുള്ള 900 പ്രതിരോധ കമ്പനികൾ പങ്കെടുക്കുന്ന എയ്റോ ഇന്ത്യയിൽ വിദേശികളുൾപ്പെടെ ആയിരക്കണക്കിന് പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 
എയർഫോഴ്സ് സ്റ്റേഷനിൽ വിശാലമായ പവലിയനുകളാണ് ഒരുക്കിയിരി ക്കുന്നത്. ഈ പവലിയനുകളുടെ വിവിധ ഭാഗങ്ങളിലായി കര, വ്യോമ, നാവിക സേനാംഗങ്ങളുടെ ഭാര്യമാർ അംഗങ്ങളായ വെൽഫെയർ അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ പത്ത് സ്റ്റാളുകൾ പ്രവർത്തിക്കുന്നു. 
ഈ സ്റ്റാളുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങാൻ നല്ല തിരക്കനുഭപ്പെടുന്നുണ്ട്. ഹെലികോപ്റ്ററുകളുടെയും വിമാനങ്ങളുടെയും ചെറു മാതൃകകൾ സ്റ്റാളുകളിൽ വിൽപ്പനയ്ക്കുണ്ട്. 2000 മുതൽ 3000 രൂപ വരെയാണ് വില. മെറ്റലിലും തടിയിലും നിർമ്മിച്ച ഹെലികോപ്റ്ററുകളും വിമാനങ്ങളും ലഭ്യമാണ്.


വിവിധ തരത്തിലുള്ള തുണിത്തരങ്ങൾ, ജാക്കറ്റുകൾ, തൊപ്പികൾ, മാലകൾ തുടങ്ങിയവയും സ്റ്റാളുകളിൽ വിൽപ്പനയ്ക്കുണ്ട്. വിവിധ ഭാഗങ്ങളിലായി സ്റ്റാളുകൾ വിന്യസിച്ചിരിക്കുന്നതിനാൽ എല്ലാവർക്കും എളുപ്പത്തിൽ സാധനങ്ങൾ വാങ്ങാൻ സാധിക്കും. വെൽഫെയർ അസ്സോസിയേഷൻ അംഗങ്ങൾ തന്നെയാണ് വിൽപ്പനയ്ക്ക് നിൽക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ നിർമ്മാതാക്കളുടെ യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, സ്പെയർ പാർട്സുകൾ എന്നിവ പ്രദർശിപ്പിക്കുന്ന ആയിരത്തോളം സ്റ്റാളുകൾക്ക് പുറമെയാണിത്.
അതിഥികൾക്ക് സ്വാഗതമോതി വ്യോമസേനയുടെയും നാവിക സേനയുടെയും ബാൻഡുകൾ ഉയർത്തുന്ന മേളം എയർഷോയ്ക്ക് മിഴിവു പകരുന്നു. സൈനിക അച്ചടക്കത്തിൻ്റെ ഈരടികൾ മേളത്തിൽ പ്രകടമാണ്.
പവലിയൻ്റെ വിവിധ ഭാഗങ്ങളിലായി ഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്. പക്ഷികളുടെയും മൃഗങ്ങളുടെയും ശല്യം ഒഴിവാക്കാൻ ഭക്ഷണശാലകളുടെ പ്രവർത്തനത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
ബെംഗളൂരു നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എയർ ഫോഴ്സ് സ്റ്റേഷനിലെത്താൻ പ്രതിനിധികൾക്ക് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വാഹനങ്ങൾ മാത്രമേ പ്രദർശന നഗരിയിലേക്ക് കടത്തിവിടുകയുള്ളൂ. പ്രദർശനത്തിൻ്റെ ആദ്യ മൂന്നു ദിവസം ബിസിനസ് പ്രതിനിധികൾക്ക് മാത്രമാണ് പ്രവേശനം. അവസാന രണ്ട് ദിവസം പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img