
യെലഹങ്ക (ബെംഗളൂരു) : പ്രതിരോധരംഗത്ത് വിദേശ രാജ്യങ്ങളുമായി കൂടുതൽ ആഴത്തിലുള്ള സഹകരണത്തിന് സാധ്യത തേടി ഇന്ത്യ. ബെംഗളൂരുവിൽ നടക്കുന്ന എയ്റോ ഇന്ത്യ 2025 ൽ ഈ ലക്ഷ്യം മുന്നിൽക്കണ്ടു കൊണ്ട് പ്രതിരോധ വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് വിദേശ രാജ്യങ്ങളുടെ പ്രതിനിധികളുമായി തിരക്കിട്ട ചർച്ചകളിലാണ്.
ബ്രിട്ടനിലെ ഹൗസ് ഓഫ് ലോർഡ്സ് മന്ത്രി ലോർഡ് വെർനോൺ കോക്കറുമായി പ്രതിരോധ വകുപ്പ് സെക്രട്ടറി ഇന്ന് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ബ്രിട്ടനും തമ്മിൽ പ്രതിരോധമേഖലയിൽ ഇപ്പോഴുള്ള സഹകരണം ഇരുവരും വിലയിരുത്തി. പ്രതിരോധരംഗത്തെ വ്യാവസായിക സഹകരണമായിരുന്നു പ്രധാന ചർച്ചാ വിഷയം. സമുദ്ര സുരക്ഷയുടെ കാര്യത്തിൽ നിലവിലുള്ള സഹകരണവും വിലയിരുത്തി.എയ്റോ എൻജിനുകളുടെയും ഇലക്ട്രിക്ക് പ്രൊപ്പൽഷനുകളുടെയും കാര്യത്തിൽ ഇരു രാജ്യങ്ങളും തുടക്കമിട്ട സഹകരണത്തിൽ ഇരുവരും തൃപ്തി രേഖപ്പെടുത്തിയതായി പ്രതിരോധ വക്താക്കൾ കേരള ശബ്ദത്തോട് പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുകെ - ഇന്ത്യ ബിസിനസ് കൗൺസിൽ വട്ടമേശ സമ്മേളനം നടന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രതിരോധ സെക്രട്ടറിയും ബ്രിട്ടനെ പ്രതിനിധീകരിച്ച് ലോർഡ് കോക്കറും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ മിസ് ലിൻഡി കാമറൂണും പങ്കെടുത്തു. ഇന്ത്യയുടെയും ബ്രിട്ടൻ്റെയും പ്രതിരോധ കമ്പനികൾക്ക് സംയുക്തമായി തുടങ്ങാൻ സാധിക്കുന്ന പദ്ധതികളുടെ സാധ്യത യോഗം ചർച്ച ചെയ്തു. ബ്രിട്ടനിലെ പ്രധാനപ്പെട്ട നിരവധി പ്രതിരോധ കമ്പനികൾ യോഗത്തിൽ പങ്കെടുത്തു. ഇന്ത്യൻ പ്രതിരോധ കമ്പനികളെ പ്രതിനിധീകരിച്ച് സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറേഴ്സ് ലീഡർഷിപ്പ് പങ്കെടുത്തു.ഇറ്റലിയുടെ പ്രതിരോധ അണ്ടർ സെക്രട്ടറിയുമായും രാജേഷ് കുമാർ സിംഗ് ചർച്ച നടത്തി. പ്രതിരോധ മേഖലയിൽ സഹകരണം എങ്ങനെയൊക്കെ വർധിപ്പിക്കാം എന്നതായിരുന്നു ചർച്ചയുടെ പ്രധാന വിഷയം.
യെലഹങ്ക (ബെംഗളൂരു) യിൽ നിന്ന്
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി











